Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍മറഞ്ഞ കാര്‍ഷിക സംസ്‌കൃതിയെ തിരികെ വിളിച്ച് പുല്ലാന്തിയാര്‍
04/01/2017
കിസാന്‍സഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പുനരുദ്ധരിച്ച ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാര്‍.

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയെ ഒരുകാലത്ത് ശുദ്ധജലസമ്പന്നമാക്കിയിരുന്ന പുല്ലാന്തിയാറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പുനരുദ്ധരിച്ച പുല്ലാന്തിയാര്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലുകുത്താംകടവില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതീകാത്മകമായി നാടിന് സമര്‍പ്പിക്കും. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ആറു വാര്‍ഡുകളില്‍ക്കൂടി ഒഴുകി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയുടെയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെയും ജലസ്രോതസ്സായിരുന്ന പുല്ലാന്തിയാറിനെ നാശത്തിന്റെ വക്കില്‍നിന്നും തിരികെക്കൊണ്ടുവന്നാണ് നാടിന് സമര്‍പ്പിക്കുന്നത്. മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുല്ലാന്തിയാര്‍ വര്‍ഷങ്ങളായി പുല്ലും പായലും ചെളിയും നിറഞ്ഞ് മലിനീകരണപ്പെട്ട് നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. പുഴയുടെ നശീകരണം ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയുടെ കാര്‍ഷികസംസ്‌കൃതിയെ തന്നെ തകിടം മറിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പുഴയുടെ ശുചീകരണം ലക്ഷ്യമിട്ട് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ ചേര്‍ന്ന് പുല്ലാന്തിയാര്‍ സംരക്ഷണസമിതി രൂപീകരിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ട് മാസക്കാലം കൊണ്ട് മൂന്നര കിലോമീററര്‍ ദുരം വരുന്ന പുഴയിലെ പായലും പോളയും ചെളിയും മററ് മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. സര്‍ക്കാരില്‍ നിന്നും യാതൊരുവിധ ഫണ്ടും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് യന്ത്രമുപയോഗിച്ചും, മനുഷ്യാധ്വാനം കൊണ്ടും പുല്ലാന്തിയാറിന്റെ പുനരുദ്ധാരണജോലികള്‍ പൂര്‍ത്തീകരിച്ചത്. പുഴയുടെ ഭാവി വികസനത്തിനായുള്ള പദ്ധതി സംബന്ധിച്ച നിവേദനം യോഗത്തില്‍വെച്ച് മന്ത്രിക്ക് നല്‍കും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, വനം വന്യജീവി ബോര്‍ഡ് അംഗം വി.ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യമോള്‍ സുനില്‍, കെ.എം സുധര്‍മന്‍, പുല്ലാന്തിയാര്‍ സംരക്ഷണസമിതി ചെയര്‍മാന്‍ എന്‍.ചന്ദ്രഹാസന്‍, വൈസ് ചെയര്‍മാന്‍ എസ്.ജയപ്രകാശ്, കണ്‍വീനര്‍ പി.സി ഹരിദാസന്‍, ട്രഷറര്‍ ടി.ആര്‍ രവീന്ദ്രന്‍, പി.ആര്‍ സുഗുണന്‍, ആശാ ബാബു, എം.കെ സനില്‍കുമാര്‍, പി.എസ് പുഷ്പമണി, വി.കെ പുഷ്‌ക്കരന്‍, എം.കെ ദാസന്‍, കെ.വി ഷിബു, എം.കെ രാജപ്പന്‍ എന്നിവര്‍ പ്രസംഗിക്കും.