Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഗ്രഹങ്ങളെല്ലാം കാനനവാസനു സമര്‍പ്പിച്ച് ഇരുപത്തിയൊന്നാം തവണയും മലചവിട്ടാന്‍ സേതുസ്വാമി
27/12/2016
സേതുസ്വാമി

വൈക്കം: ആഗ്രഹങ്ങളെല്ലാം കാനനവാസനു സമര്‍പ്പിച്ച് ഇരുപത്തിയൊന്നാം തവണയും മലചവിട്ടാന്‍ സേതുസ്വാമി (68) കണ്ണൂരില്‍ നിന്നും യാത്രതിരിച്ചു. ഇരുപത്തിയെട്ടു ദിവസങ്ങള്‍കൊണ്ട് യാത്ര വൈക്കം മഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തിയപ്പോള്‍ തെല്ലും തളര്‍ച്ചയില്ലാതെ സേതുമാധവന്‍ ശംഭോ മഹാദേവ വിളിച്ച് ഊര്‍ജ്ജസ്വലനായി പലകവണ്ടിയില്‍ മലയിലേക്ക് പോകുന്ന കാഴ്ച വിശ്വാസികള്‍ക്കെല്ലാം വലിയ അനുഭവമാണ് നല്‍കിയത്. തലശ്ശേരി തിരുവങ്ങാടി ശിവക്ഷേത്രത്തില്‍ മാലയിട്ടാണ് കണ്ണൂര്‍ കീച്ചേരി പാറക്കടവ് സേതു ഇരുപത്തിയൊന്നാം തവണയും കാനനവാസനെ കാണാന്‍ പോകുന്നത്. ഒന്‍പതാം വയസ്സില്‍ കുളിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിത്താണു. ജീവന്‍ തിരിച്ചുകിട്ടിയത് നാട്ടുകാരുടെ കടാക്ഷത്തിലാണ്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നതിനെ തുടര്‍ന്ന് കുറച്ചുനാളുകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഇതിനിടയില്‍ രണ്ട് കാലിന്റെയും ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. പിന്നീട് അയ്യപ്പ ശരണമന്ത്രങ്ങളായിരുന്നു ജീവതത്തിന് ശക്തി പകര്‍ന്നത്. വിവാഹിതനായ സേതുമാധവന് മൂന്ന് കുട്ടികളും പത്ത് പേരക്കുട്ടികളുമുണ്ട്. പലകയില്‍ നാല് വീലുകള്‍ ഘടിപ്പിച്ച് ഇത് കൈകൊണ്ടു തള്ളിയാണ് മല കയറുന്നത്. ഓരോ തവണ പോയി വരുമ്പോഴും കുടുംബത്തിന് നല്ല ഐശ്വര്യങ്ങള്‍ അയ്യപ്പന്‍ തരാറുണ്ടെന്ന് ഈറനോടെ സേതു പറയുന്നു. വഴിയോരങ്ങളിലെല്ലാം വിശ്വാസികള്‍ ദക്ഷിണ നല്‍കിയാണ് സ്വാമിയെ സ്വീകരിക്കുന്നത്. എല്ലാ വര്‍ഷവും മകരവിളക്ക് സമയത്താണ് മലയിലെത്തുന്നത്. മല കയറാന്‍ ഭക്തരെല്ലാം സഹായിക്കാറുണ്ട്. കാരണം പമ്പയില്‍ നിന്നുള്ള കയറ്റം കഠിനമാണ്. ഇവിടെയെല്ലാം പതറാത്ത മനസ്സും ശരണമന്ത്രങ്ങളുമാണ് സേതുവിനെ കാക്കുന്നത്. അയ്യപ്പന്‍ അനുവദിക്കുന്ന കാലം വരെ മല കയറുമെന്ന് ഓര്‍മപ്പെടുത്തിയാണ് വൈക്കത്തുനിന്നും സേതു ശബരിമലയിലേക്ക് തിരിച്ചത്.