Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലാളിയെ മനുഷ്യനാക്കാന്‍ യത്‌നിച്ച നേതാവായിരുന്നു സി.കെ വിശ്വനാഥന്‍: വി.എസ് സുനില്‍കുമാര്‍
24/12/2016
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച സി.കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ പ്രസ്ഥാനത്തോട് ഒപ്പം നടന്നവരാണ് സി.കെ വിശ്വനാഥനും അദ്ദേഹത്തിന്റെ കുടുംബവും. അന്തിക്കാട്ടെയും വൈക്കത്തെയും തൊഴിലാളികളുടെ ചരിത്രത്തിനും സമരത്തിനും ഒരുപാട് സമാനതകളുണ്ടെന്നും കൃഷിവകുപ്പ് മന്ത്രിയും അന്തിക്കാട് ചെത്ത് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) പ്രസിഡന്റുമായ അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ആയിരുന്ന സി.കെ വിശ്വനാഥന്റെ 14-ാമത് ചരമവാര്‍ഷിക ദിനാചരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കത്തെ ആദ്യ കമ്മ്യൂണിസ്റ്റ് എം.എല്‍.എ ആയിരുന്ന സി.കെ കേരളത്തിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. തൊഴിലാളിയെ മനുഷ്യനായി അംഗീകരിക്കാന്‍ വേണ്ടി നടന്ന സമരങ്ങളാണ് അക്കാലത്ത് ആരംഭിച്ചത്. ഇന്നത്തെ തലമുറയ്ക്ക് അതുള്‍ക്കൊള്ളുക പ്രയാസകരമാണ്. കര്‍ഷക തൊഴിലാളികളും ചെത്തുതൊഴിലാളികളും അടിമകള്‍ക്ക് സമാനമായി ജീവിച്ചിരുന്നവരാണ്. അവര്‍ക്കിടയില്‍ ഭരണകൂടത്തിന്റെ ഭീകരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് സി.കെ വിശ്വനാഥനും പി.എസ് ശ്രീനിവാസനും അടക്കമുള്ള ആദ്യകാല നേതാക്കള്‍. പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനപരിശ്രമവും വായനവും എഴുത്തും കലയും എല്ലാം സന്നിവേശിക്കപ്പെട്ട മനസ്സിനുടമകളായിരുന്നു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍. അവരുടെ ഓര്‍മകള്‍ എന്നും പ്രചോദനവും ആവേശവും പകരുന്നവയാണ്. ജന്മി നാടുവാഴിത്ത ഹുങ്കിന്റെ മുനയൊടിച്ച പ്രതീകമാണ് ഇണ്ടംതുരുത്തിമന. തൊഴിലാളി പ്രസ്ഥാനത്തിന്റെ ആസ്ഥാനമായി അത് മാറി. അതും ഒരു വിപ്ലവപ്രവര്‍ത്തനമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. വൈക്കം താലൂക്ക് ചെത്ത് തൊഴിലളി യൂണിയന്‍ (എ.ഐ.ടി.യു.സി) ഓഫീസിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനിയും കുട്ടനാടിന്റെ ചരിത്രകാരനും എഴുത്തുകാരനുമായ എന്‍.കെ കമലാസനന് സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം അനുസ്മരണ പ്രസംഗവും, സ്‌കോളര്‍ഷിപ്പ് വിതരണവും, കുടുംബധനസഹായ വിതരണവും നിര്‍വഹിച്ചു. കേണല്‍ രാജീവ് മണ്ണാളി ക്യാഷ് അവാര്‍ഡ് നല്‍കി. എന്‍.കെ കമലാസനന്‍ മറുപടി പ്രസംഗം നടത്തി. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍, പി.സുഗതന്‍, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, സി.കെ ആശ എം.എല്‍.എ,നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, മുന്‍എം.എല്‍.എമരായ കെ.അജിത്ത്, പി.നാരായണന്‍, മുതിര്‍ന്ന നേതാവ് സി.എം തങ്കപ്പന്‍, ജോണ്‍ വി.ജോസഫ്, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, ലീനമ്മ ഉദയകുമാര്‍, സി.എം മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.