Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളപ്പായല്‍ വേമ്പനാട്ട് കായലിനെ തളര്‍ത്തുന്നു.
14/12/2015
മലിനീകരണ ഭീഷണി നേരിടുന്ന വേമ്പനാട്ടുകായല്‍
പോളപ്പായല്‍ വേമ്പനാട്ട് കായലിനെ തളര്‍ത്തുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പായല്‍ ശല്യം മൂലം വൈക്കം ജെട്ടിയിലും തവണക്കടവ് ജെട്ടിയിലും ബോട്ട് അടുപ്പിക്കുവാന്‍ ജീവനക്കാര്‍ പെടാപ്പാട് പെടുകയാണ്. പായല്‍ ശല്യം വേമ്പനാട്ട് കായലിനെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്നും അഴുക്കുചാലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നത് കായലിനെ മലിനമാക്കുന്നു. ടൂറിസത്തിന്റെ വളര്‍ച്ചയും ഇതിനെ ചുററിപ്പററിയുള്ള അശാസ്ത്രീയമായ വികസനങ്ങളുമാണ് കായലിന് വെല്ലുവിളി ഉയര്‍ത്തുന്നത്. വളരുന്ന ടൂറിസത്തേക്കാളും വേഗത്തിലാണ് കായലിന്റെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. വേമ്പനാട്ടു കായലിനാല്‍ ചുററിക്കിടക്കുന്ന കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് ഇവിടെയെത്തുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. അനധികൃതവും ആശാസ്ത്രീയവുമായുള്ള കക്കാ ഖനനവും ക്രമാതീതമായി വര്‍ദ്ധിക്കുന്ന മാലിന്യങ്ങളും കായലിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യങ്ങളുടെ പ്രജനനത്തെയും ദോഷകരമായി ബാധിക്കുന്നു. ഇതുമൂലം കരിമീന്‍, കൊഞ്ച്, കൊഴുവ, നച്ച് കരിമീന്‍, ഞണ്ട് എന്നിവയുടെ ലഭ്യതക്ക് കുറവ് വന്നിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. യഥാസമയം തണ്ണീര്‍മുക്കം ബണ്ടില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അധികാരികള്‍ തയ്യാറാകാത്തതുമൂലം പോളകളുടെ ശല്യവും വര്‍ദ്ധിച്ചുവരുന്നു. ഇത് ജലഗതാഗതത്തെയും പരമ്പരാഗത മത്സ്യബന്ധന രീതിയേയും ബാധിക്കുന്നു. പലപ്പോഴും ഇവയൊക്കെ സംരക്ഷിക്കേണ്ട അധികാരികള്‍ തന്നെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ വ്യക്തികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. കായല്‍ സംരക്ഷിക്കുന്നതിനായി നിരവധി സംഘടനകളും വകുപ്പുകളും ഉണ്ടെങ്കിലും ഇവര്‍ക്കൊക്കെ പരിഹരിക്കുന്നതിനും അപ്പുറമാണ് ഇവിടെയുള്ള പ്രശ്‌നങ്ങള്‍. വേമ്പനാട്ട് കായലിന്റെ മരണമണി മുഴങ്ങുന്നത് നിയോജക മണ്ഡലത്തെ മാത്രമല്ല, മറ്റ് ഇതരപ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കും. ഇവിടെയാണ് സംരക്ഷിക്കേണ്ടവര്‍ കായലിന്റെ അന്തകരാകുന്നത്. കായലിനെ അടിസ്ഥാനപ്പെടുത്തി ടൂറിസം വളരുന്ന ഓരോ മണിക്കൂറിലും കായല്‍ മലിനപ്പെടുന്നു. തണ്ണീര്‍മുക്കം ബണ്ട് മുതല്‍ മാക്കേക്കടവ് വരെയുള്ള ഭാഗത്താണ് കായല്‍ കൂടുതല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്.