Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടിനെ നടുക്കിയ കൊലപാതകക്കഥയുടെ അന്വേഷണത്തിന് തിരശ്ശീല വീഴുന്നു.
20/12/2016
മാത്തന്റെ കൊലപാതകക്കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലീസ് സംഘം.

തലയോലപ്പറമ്പ്: നാടിനെ നടുക്കിയ കൊലപാതകക്കഥയുടെ ക്ലൈമാക്‌സ് പൂര്‍ത്തിയാകുന്നു. കഴിഞ്ഞ എട്ടു ദിവസങ്ങളായി എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനാണ് ഒടുവില്‍ തിരശ്ശീല വീഴുന്നത്. ആദ്യത്തെ വീഴ്ചകളില്‍ ഏറെ വിമര്‍ശനങ്ങള്‍ പോലീസിനു കേള്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍നിന്നും പാഠമുള്‍ക്കൊണ്ട് എസ്.പി കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ കളം നിറഞ്ഞതോടെയാണ് തലയോലപ്പറമ്പിനെ പിടിച്ചുകുലുക്കിയ ദൃശ്യം സ്റ്റൈല്‍ കൊലപാതകക്കഥ നാടറിയുന്നത്. തിങ്കളാഴ്ച കയ്യുടേതെന്നു കരുതുന്ന രണ്ട് അസ്ഥി കഷ്ണങ്ങള്‍ തിരച്ചിലില്‍ പോലീസിനു ലഭിച്ചിരുന്നു. ഇന്നലെ രാവിലെയും ബഹുനില കെട്ടിടത്തില്‍ കുഴി താഴ്ത്തിയുള്ള പരിശോധന തുടര്‍ന്നു. 9.30ഓടെ രണ്ട് കാലിന്റെയും അസ്ഥികള്‍ ലഭിച്ചു. 10.30ഓടെ വാരിയെല്ലിന്റെ കഷ്ണങ്ങളും ലഭിച്ചു. കാലിന്റെ അസ്ഥിക്കുള്ളില്‍ മജ്ജ ഇപ്പോഴുമുള്ളതിനാല്‍ ഫോറന്‍സിക് പരിശോധനക്ക് വളരെയധികം സഹായകരമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മാത്തന്റെ മകള്‍ നൈസിയുടെ രക്തവും ഇന്നലെ ഡി.എന്‍.എ പരിശോധനക്കയച്ചു. തലയോട്ടിക്കുവേണ്ടിയായിരുന്നു ഇന്നലെ പ്രധാനമായും പരിശോധന നടന്നത്. എന്നാല്‍ ഇത് കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടം പണിയാന്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോള്‍ തലയോട്ടിയുടെ ഭാഗം പൊടിഞ്ഞപോയിരിക്കാനാണ് സാധ്യത. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനുശേഷം കുഴിച്ചിട്ട സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ ചില അവശിഷ്ടങ്ങള്‍ ചാക്കില്‍കെട്ടി പുഴയില്‍ തള്ളിയതായി പ്രതി അനീഷ് പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിരുന്നില്ല. അവശിഷ്ടങ്ങള്‍ മാററിയപ്പോള്‍ തലയോട്ടിയും ഇവിടെനിന്ന് അനീഷ് കടത്തിയതായുള്ള സംശയവും ബലപ്പെടുന്നുണ്ട്. ഇതെല്ലാം കാരണമാണ് പരിശോധന പോലീസ് നിര്‍ത്തിയത്. ഏതായാലും കൊലപാതകക്കഥയുടെ നിജസ്ഥിതി മുഴുവന്‍ പുറത്തുവന്നതോടെ പോലീസിനു വലിയ ക്രഡിററാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് പ്രമാദമായ കൊലപാതകക്കഥകളാണ് പോലീസ് അന്വേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ആദ്യം സുകന്യ എന്ന യുവതിയെ കൊന്നുപാറമടയില്‍ തള്ളിയ സംഭവത്തില്‍ പ്രതിയായ സൂരജിനെ അഴിക്കുള്ളിലാക്കാന്‍ ദിവസങ്ങള്‍കൊണ്ട് പോലീസിനു സാധിച്ചിരുന്നു. ഇതിനുശേഷമാണ് മാത്തന്റെ കൊലപാതകമെത്തുന്നത്. ആദ്യം അന്വേഷണത്തില്‍ പോലീസ് അല്‍പം പകച്ചെങ്കിലും പിന്നീട് വിജയം കൊയ്തു. ജില്ലാ പോലീസ് മേധാവി കെ.ജെ സൈമണ്‍, എ.എസ്.പി കറുപ്പസാമി, ഫോറന്‍സിക് വിദഗ്ധ അനിത വി.നായര്‍, അഡീ. തഹസില്‍ദാര്‍ ജിയോ പി.മനോജ്, വൈക്കം സി.ഐ വി.എസ് നവാസ്, എസ്.ഐമാരായ എം.സാഹില്‍, ജെ.ഫിറോസ്, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.