Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗൃഹനാഥന്റെ കൊലപാതകം: അന്വേഷണം ഊര്‍ജ്ജിതമാക്കും
19/12/2016

തലയോലപ്പറമ്പ്: ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നതായി സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ അധികാരികള്‍ തയ്യാറായില്ല. പ്രതിയായ പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷിനെ കോട്ടയത്തുവെച്ച് എസ്.പി ഇന്‍ ചാര്‍ജ്ജ് സൈമണിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. പഴയ വെളിപ്പെടുത്തലില്‍ തന്നെ അനീഷ് ഉറച്ചുനില്‍ക്കുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കള്ളനോട്ട് കേസില്‍ പ്രതിയായ അനീഷിന്റെ വാക്ക് മാത്രം കേട്ട് മുന്നൊരുക്കമൊന്നുമില്ലാതെ പോലീസ് ഇറങ്ങിത്തിരിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസിലെ ശിക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേത്തടുര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുവാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ആദ്യപടിയായി സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായാണ് അറിയുന്നത്. മാത്തന്റെ പഴയകാല സുഹൃത്തുക്കള്‍, അനീഷിന്റെ സുഹൃത്തുക്കള്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്‌തേക്കും. കൂടാതെ കൊലപാതകത്തെക്കുറിച്ച് ജയിലില്‍ നിന്നും കത്തയച്ച സുഹൃത്ത് പ്രവീണിനെയും ചോദ്യം ചെയ്യും. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തുനിന്നുള്ള അവശിഷ്ടങ്ങള്‍ പുതിയ കെട്ടിടം പണിയുന്നതിനുവേണ്ടി മണ്ണുനീക്കിയപ്പോള്‍ ഇവിടെനിന്നും മാററപ്പെട്ടതാകാനും വഴിയുണ്ടെന്നു പോലീസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മണ്ണ് കൊണ്ടുപോയി നിക്ഷേപിച്ച സ്ഥലത്തെക്കുറിച്ചും അന്വേഷണത്തിനു സാധ്യതയുണ്ട്. എന്നാല്‍ ഇവിടെയെല്ലാം പോലീസിനു കടമ്പകളേറെയാണ്. കാരണം നിരവധി സ്ഥലങ്ങളിലേക്ക് മണ്ണുനീക്കം ചെയ്തതാണ് സൂചന. അനീഷിന്റെ പിതാവ് വാസുവിനെയും അയല്‍വാസികളെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്‌തേക്കും. അനീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധൃതിപിടിച്ച് കെട്ടിടം പൊളിച്ചത് വിമര്‍ശനവിധേയമായ സാഹചര്യത്തില്‍ കേസ് തെളിയിക്കുക എന്നത് പോലീസിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.