Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്കരോഗിയായ വീട്ടമ്മയുടെ രക്ഷക്കായി നാടൊന്നിക്കുന്നു
17/12/2016
ഇരുവൃക്കകളും തകരാറിലായ സനിയമ്മ മകള്‍ക്കും സഹോദരിക്കുമൊപ്പം.

വൈക്കം: ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ടി.വി പുരം പഞ്ചായത്ത് 14-ാം വാര്‍ഡിലെ കോട്ടച്ചിറ കായിപ്പുറത്തുവീട്ടില്‍ സനിയമ്മ(43)യുടെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച്, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ മകളുമായി വിവാഹിതയായ സഹോദരിയോടൊപ്പമാണ് സനിയമ്മ താമസിച്ചിരുന്നത്. സഹോദരീഭര്‍ത്താവ് കൂലിപ്പണി ചെയ്തു കിട്ടുന്നതായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനം. ടി.വി പുരം പഞ്ചായത്തില്‍ ആശാവര്‍ക്കറായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് ഇവര്‍ അസുഖബാധിതയാകുന്നത്. വൃക്ക മാററിവെക്കല്‍ മാത്രമാണ് സനിയമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതേത്തുടര്‍ന്ന് നിര്‍ദ്ധനയായ സനിയമ്മയ്ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനാ പ്രതിനിധികള്‍, ടി.വി പുരം പൗരാവലി എന്നിവരയുടെ യോഗം ചേര്‍ന്ന് ജോസ് കെ.മാണി എം.പി, സി.കെ ആശ എം.എല്‍.എ, ഫൊറോന വികാരി ഫാ. പോള്‍ ചിററിനപ്പിള്ളി എന്നിവര്‍ രക്ഷാധികാരികളായി 75 അംഗ പഞ്ചായത്തുതല പ്രവര്‍ത്തകസമിതി രൂപീകരിച്ച് സഹായനിധി ശേഖരണത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. വൃക്ക മാററിവെക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും വേണ്ട ഭീമമായ ചെലവ് വഹിക്കാന്‍ നിര്‍വാഹമില്ലാത്ത നിര്‍ദ്ധന കുടുംബത്തെ സഹായിക്കാനായി നാളെ പ്രവര്‍ത്തകസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കയറി ചികിത്സാനിധി സമാഹരണം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഹായനിധി ശേഖരണത്തിനായി ടി.വി പുരം എസ്.ബി.ടിയില്‍ 67380752335 (ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍0000479) എന്ന നമ്പറിലും, പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 8632 എന്ന നമ്പറായും അക്കൗണ്ട് തുറന്നിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, സമിതി കണ്‍വീനര്‍ ടി.കെ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.