Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് കൊലപാതകം: അന്വേഷണം എങ്ങുമെത്തിയില്ല
17/12/2016

തലയോലപ്പറമ്പ്: എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പണമിടപാടുകാരന്‍ കാലായില്‍ മാത്തനെ (മാത്യു) കൊലപ്പെടുത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം എങ്ങുമെത്താത്തത് പോലീസിനെ കുഴക്കുന്നു. കള്ളനോട്ട് കേസില്‍ പ്രതിയായ അനീഷിന്റെ വാക്ക് മാത്രം കേട്ട് മുന്നൊരുക്കമൊന്നുമില്ലാതെ പോലീസ് ഇറങ്ങിത്തിരിച്ചത് കേസിലെ ശിക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്ത് ഉയര്‍ന്ന ബഹുനില കെട്ടിടത്തിലെ മൂന്നുമുറികള്‍ പൂര്‍ണമായും കുഴിച്ചു പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. അനീഷ് മനപൂര്‍വം തങ്ങളെ വട്ടം ചുററിക്കുകയാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇയാളോടൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ച സുഹൃത്ത് ജയിലില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥനും അനീഷിന്റെ പിതാവ് വാസുവിനും അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കൊലപാതകക്കുററം സമ്മതിക്കുകയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയാണെന്ന് അനീഷ് വെളിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്. കെട്ടിടം നിലനില്‍ക്കുന്ന ഭാഗത്താണു മൃതദേഹം മറവു ചെയ്തതെങ്കിലും കണ്ടെത്താന്‍ കടമ്പകളേറെയുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കാനായി ഇവിടെ നിന്നു മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണ് പല ഭാഗങ്ങളിലേക്കാണ് കൊണ്ടുപോയത്. ഇവിടെയെല്ലാം എത്തി ഇനി തിരച്ചില്‍ നടത്തേണ്ടി വരും. അതേസമയം, കെട്ടിട ഉടമയും വെട്ടിലായിരിക്കുകയാണ്. കെട്ടിടത്തിന്റെ മൂന്നു മുറികളുടെ അടിത്തറയാണ് ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചത്. ഇതിനുള്ള നഷ്ട പരിഹാരം എവിടെ നിന്നു ലഭിക്കുമെന്നു വ്യക്തതയില്ല. മാത്രമല്ല, ഇവിടേയ്ക്ക് ഇനി ആരെങ്കിലും മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ വരുമെന്നും കെട്ടിട ഉടമ കരുതുന്നില്ല. രഹസ്യമായി അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഇതൊക്കെ ഒഴിവാക്കാമായിരുന്നുവെന്നു ഉടമ പറയുന്നു.