Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗൃഹനാഥനെ കൊന്നുകുഴിച്ചുമൂടിയ സംഭവം: മൃതശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല
15/12/2016
2008ല്‍ കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്തന്റെ മൃതദേഹം ഒളിപ്പിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്ന ബഹുനില കെട്ടിടം.

വൈക്കം: കള്ളനോട്ട് കേസിലെ പ്രതി ആത്മസുഹൃത്തിനെ കൊന്നുകുഴിച്ചു മൂടിയത് പുതിയ വെളിപ്പെടുത്തലുകളിലൂടെ വഴിത്തിരിവിലെത്തിയെങ്കിലും ദുരൂഹതകളേറുന്നു. വൈകിട്ട് ഏഴു വരെ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും മൃതശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ചു. പഴയ കെട്ടിടം പൊളിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച വടക്കേകൊല്ലംപറമ്പില്‍ മാര്‍ട്ടിന്റെ ബഹുനില കെട്ടിടത്തിന്റെ പിറകിലത്തെ മുറിയിലാണ് കുഴിച്ച് പരിശോധന നടത്തിയത്. 2008ലാണ് ഇവിടെയുള്ള പഴയ കെട്ടിടത്തില്‍ സ്റ്റിക്കര്‍ ജോലികള്‍ ചെയ്തിരുന്ന ടി.വി പുരം പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷ് (38) സുഹൃത്തായ കാലായില്‍ വീട്ടില്‍ കാക്ക മത്തനെന്നു വിളിക്കുന്ന മാത്യു (45)വിനെ കൊന്നുകുഴിച്ചുമൂടിയത്. സംഭവം നടക്കുമ്പോള്‍ പഴയ കെട്ടിടത്തിനു പുറത്തായിരുന്നു മൃതദേഹം താഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലില്‍ കുഴി പുതിയ ബഹുനില കെട്ടിടത്തിനുള്ളിലായി. അനീഷുമായി നേരിട്ടെത്തിയാണ് പോലീസ് പരിശോധന ആരംഭിച്ചത്. രാവിലെ ഒന്‍പതിനാണ് പരിശോധന തുടങ്ങിയത്. എട്ടടിയോളം താഴ്ത്തിയിട്ടും മൃതദേഹത്തിന്റെ ഒരംശം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതി പറഞ്ഞ സ്ഥലം ആദ്യം മെഷിനുപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ചതിനുശേഷം അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പിക്കാസിനു താഴ്ത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പരിസരം താഴ്ന്നായിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയുന്ന സമയത്ത് ഇത് മണ്ണിട്ടുയര്‍ത്തിയിരുന്നു. അക്കാലത്ത് കുഴിയുടെ ആഴം നാല് അടി ആയിരുന്നെങ്കില്‍ ഒന്‍പത് അടി താഴ്ത്തിയിട്ടുപോലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അനീഷ് ചൂണ്ടിക്കാട്ടിയ സ്ഥലം പോലീസ് ജെ.സി.ബി ഉപയോഗിച്ച് താഴ്ത്തിക്കൊണ്ടു പരിശോധന നടത്തി. സന്ധ്യ മയങ്ങിയിട്ടും ഇവിടെനിന്നും ഒന്നും കണ്ടെത്താന്‍ സാധിക്കാതായതോടെ ഇന്നലത്തെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു. കോട്ടയം എസ്.പി (ഇന്‍ ചാര്‍ജ്) സൈമണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജിനദേവന്‍, വിരലടയാള വിദഗ്ധരായ ശ്രീജ എസ്.നായര്‍, ജാന്‍സി ജോര്‍ജ്ജ്, വൈക്കം സി.ഐ വി.എസ് നവാസ്, തലയോലപ്പറമ്പ് എസ്.ഐ ഫിറോസ്, വൈക്കം എസ്.ഐ എം.സാഹില്‍ എന്നിവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.