Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒററക്കമ്പിയില്‍ സംഗീതവിസ്മയം തീര്‍ത്ത വാനമ്പാടിക്ക് ഇത് ഐശ്വര്യമുഹൂര്‍ത്തം
15/12/2016
വൈക്കം വിജയലക്ഷ്മിയും സന്തോഷും

വൈക്കം: ഒററക്കമ്പിയില്‍ സംഗീതവിസ്മയം തീര്‍ത്ത് ആയിരങ്ങളുടെ കാതോരങ്ങള്‍ക്ക് കുളിര്‍മ പകര്‍ന്ന ഗായത്രി വീണയുടെ ഉപജ്ഞാതാവായ വിജി എന്ന വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം ബന്ധുക്കളുടെയും സംഗീതാസ്വാദകരുടെയും സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ 11ന് ഉദയനാപുരം ഉഷാനിലയത്തില്‍ വച്ച് നടന്നു. തൃശൂര്‍ കുന്നത്തുനാട് മഠത്തില്‍വാര്യത്ത് വിജയന്‍-രമണി ദമ്പതികളുടെ മകന്‍ സന്തോഷ് ആണ് വരന്‍. മാര്‍ച്ച് 29ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. ബാല്യം മുതല്‍ സംഗീതത്തില്‍ താല്‍പര്യം ജനിച്ച വിജി തമിഴ്പാട്ടുകള്‍ കേട്ട് താളം പിടിച്ച് കൈവിരല്‍ തുമ്പുകള്‍കൊണ്ട് മനസ്സില്‍ രാഗം പ്രതിഷ്ഠിക്കുകയായിരുന്നു വിജയലക്ഷ്മി. ഇളയരാജ, യേശുദാസ്, എം.എസ് വിശ്വനാഥന്‍ എന്നിവരായിരുന്നു വിജിയുടെ പാട്ടിന്റെ കൂട്ടുകാര്‍. ഗായത്രി വീണ നാദം പലരുടെയും കണ്ണുകള്‍ ഈറനണിയിച്ചു. കമല്‍ ചിത്രമായ സെല്ലുലോയിഡില്‍ 'കാറ്റേ കാറ്റേ പൂക്കാമരത്തിന്റെ പാട്ടും പാടി സിനിമയിലേക്ക് കടന്നുവന്ന് കാററായി മാറിയ ഗായികയാണ് വിജയലക്ഷ്മി. കരിന്തിരി കത്തുന്ന കണ്ണുകളില്‍ കെടാതെ കത്തിച്ചുവച്ച സംഗീതവെളിച്ചമായി മാറിയ വിജയലക്ഷ്മിക്ക് ഒരു സംഗീത കൂട്ടുകാരനെയാണ് ലഭിച്ചിരിക്കുന്നത്. സോപാന സംഗീതമാലപിക്കുന്ന സന്തോഷ് ഇപ്പോഴും ഒരു സോപാന വിദ്യാര്‍ത്ഥി കൂടിയാണ്. ദൈവീകത നിറഞ്ഞ ശബ്ദം എന്ന സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്റെ വാക്കുകള്‍ വിജിയുടെ മനസ്സിന്റെ വഴികാട്ടിയാണ് ഇന്നും.വിവാഹ നിശ്ചയത്തില്‍ പെരിങ്ങോട്ട് ശങ്കരനാരായണന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ്, നടി കുളപ്പള്ളില്‍ ലീല, മോന്‍സ് ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് എന്നിവര്‍ പങ്കെടുത്തു.