Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിമുക്തഭടന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം
08/12/2016
ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ടി.വി പുരം കാട്ടിത്തറ പരേതനായ കെ.എം ബാബുവിന്റെ വീട്.

വൈക്കം: വിമുക്തഭടന്റെ വീടിനു നേരെ ഗുണ്ടാസംഘം ആക്രമണം നടത്തി വീടിന്റെ ജനാലകളും വീട്ടുമുററത്തിരുന്ന ബൈക്കും തല്ലി തകര്‍ത്തു. ടി.വി പുരം കാട്ടിത്തറ പരേതനായ കെ.എം ബാബുവിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ബാബുവിന്റെ ഭാര്യ ലിസമ്മയും മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ടി.വി പുരം ചേരിക്കല്‍ സ്വദേശി ലെങ്കോയുടെ (അഖില്‍ - 29) നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വീട്ടുകാരുടെ പരാതി. നേരത്തെ വൈക്കം എസ്.ഐ എം.സാഹില്‍ ലെങ്കോയെ അറസ്റ്റ് ചെയ്ത് ജയിലാക്കിയിരുന്നു. അന്നു ലങ്കോയെ സംബന്ധിച്ച വിവരം നല്‍കിയത് ബാബുവിന്റെ മകനാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് പരാതി. പല തവണ പോലീസ് ലെങ്കോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങുന്ന ലെങ്കോ കൂടുതല്‍ ആക്രമണകാരിയാകുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വടകരയില്‍ രാത്രി ആക്രമണം നടത്തുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുയും ചെയ്തിരുന്നു. പോലീസും എക്‌സൈസും അപ്പോള്‍ സ്ഥലത്തെത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ജയിലില്‍ നിന്നും പുറത്തു വരുമ്പോള്‍ നാട്ടുകാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി വടി വാളും മററ് മാരകായുധങ്ങളും പരസ്യമായി റോഡില്‍ ഉരച്ച് ബൈക്കില്‍ സഞ്ചരിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് സംഘത്തിന്റെ രീതി. എതിര്‍ക്കുന്നവരെ ആക്രമിക്കുകയും ചെയ്യും. മോഷണം, പിടിച്ചുപറി, ക്വട്ടേഷന്‍ തുടങ്ങി ഒട്ടനവധി കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പല കേസുകളിലും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാസര്‍കോഡ്, എറണാകുളം, കോട്ടയം, പാലാ എന്നിവിടങ്ങളില്‍ പലരെയും ഇവര്‍ ആക്രമിച്ച കേസുകളും ഉണ്ട്. ഇന്നലെ പോലിസ് ഇയാളെ തേടി ചേര്‍ത്തല പള്ളിപ്പുറത്തുള്ള ഭാര്യവീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കവര്‍ച്ച, എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ നിരവധി വാഹനമോഷണങ്ങള്‍, തൃശൂര്‍ ജില്ലയിലെ വിയ്യൂര്‍ ജയിലില്‍വെച്ച് തടവുകാരന്റെ തല തകര്‍ത്ത കേസ്, ആലപ്പുഴ ജില്ലയിലെ മുഹമ്മയിലുള്ള ഇലക്‌ട്രോണിക് ഷോപ്പില്‍ നിന്ന് കമ്പ്യൂട്ടര്‍ മോഷണം എന്നീ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ആറാട്ടുകുളങ്ങരയിലുള്ള ഒരു വീട്ടില്‍ ഒളിവില്‍ താമസിച്ച് കഴിഞ്ഞുവരുന്നതുസംബന്ധിച്ചും പരാതി ലഭിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ രീതിയില്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ഇത്രയധികം കേസുകളില്‍പെട്ട ക്രമിനലിനെ എന്തുകൊണ്ട് ഗുണ്ടാലിസ്റ്റില്‍ പെടുത്തുന്നില്ലെന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുന്നു.