Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധാന ജീവിതത്തിന് ഭീഷണി ഉയര്‍ത്തി നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഒഴുകുന്നു.
12/12/2015
നഗര ഗ്രാമ വ്യത്യാസമില്ലാതെ സമാധാന ജീവിതത്തിന് ഭീഷണി ഉയര്‍ത്തി നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഒഴുകുന്നു. പോലീസും, എക്‌സൈസ് വകുപ്പും സാംസ്‌കാരിക സംഘടനകളുമെല്ലാം പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യതയെക്കുറിച്ച് ക്ലാസ്സുകളും സെമിനാറുകളുമെല്ലാം സംഘടിപ്പിക്കുമ്പോഴാണ് പ്രശ്‌നം അതിരുവിടുന്നത്. കൂടാതെ മയക്കുമരുന്ന് വില്‍പ്പന നടത്തി പിടികൂടുന്നവര്‍ക്കെതിരെ എക്‌സൈസ് വകുപ്പിന്റെ തുടര്‍നടപടികള്‍ പരാജയമാകുന്നതായും പരാതിയുണ്ട്. കാരണം കേസ് എടുക്കുന്നതില്‍ ഇവര്‍ വിവേചനം പുലര്‍ത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പിടികൂടുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള നിരോധിത ഉല്‍പ്പന്നങ്ങളുടെ അളവിനനുസരിച്ചേ കേസെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗികഭാഷ്യം. യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് ഇതില്‍ കൂടുതല്‍ അകപ്പെട്ടിരിക്കുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇരിക്കുന്നത്. വൈക്കം, തലയോലപ്പറമ്പ്, ചെമ്പ്, കാട്ടിക്കുന്ന്, ഉല്ലല, തലയാഴം, തോട്ടകം, വെച്ചൂര്‍, വടയാര്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് പോലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കൃത്യമായി എത്തിച്ചുനല്‍കുന്ന സംഘം വിലസുന്നതായാണ് രഹസ്യവിവരം. വൈക്കം, തലയോലപ്പറമ്പ് ടൗണുകളിലും ഗ്രാമീണ മേഖലകളിലും നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ചില പെട്ടിക്കടകളുമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നുതന്നെ സ്‌ക്കൂള്‍ അധികൃതര്‍ ഇതെല്ലാം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസും എക്‌സൈസും നടത്തിയ പരിശോധനയില്‍ നിരവധി പെട്ടിക്കടകള്‍ കുടുങ്ങി. പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം വെട്ടിയാണ് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. വെട്ടിക്കാട്ട്മുക്ക് വടകരയിലും മിക്ക ദിവസങ്ങളിലും മയക്കുമരുന്ന് ലഹരിയില്‍ മാഫിയാ സംഘങ്ങള്‍ ചേരിതിരിഞ്ഞ് പോരാടുന്നു. പാലാംകടവിലും ലഹരി മാഫിയകള്‍ അഴിഞ്ഞാടുകയാണ്. ഇവിടെയും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇവരുടെ കരുക്കള്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ഓപ്പറേഷന്‍ ഗുരുകുലവുമായി ജനമൈത്രി പോലീസ് ജാഗരൂകരായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ അധ്യാപകരും രക്ഷിതാക്കളും ഈ വിഷയത്തില്‍ കൂടുതല്‍ കരുതലുകള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം ഇതുപയോഗിക്കുന്ന സഹപാഠികളുടെ പ്രേരണകൊണ്ട് മററ് പല വിദ്യാര്‍ത്ഥികളും ഇതിലേക്ക് കടന്നുവന്നേക്കും. നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ രഹസ്യമായി നിരീക്ഷിച്ചാല്‍ ഇവര്‍ക്കിത് എത്തിച്ചുനല്‍കുന്ന സംഘത്തെ കൃത്യമായി കുടുക്കാന്‍ സാധിക്കും. എന്നാല്‍ പല സ്‌ക്കൂള്‍ അധികൃതരും സ്‌ക്കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുമെന്ന് കരുതി ഈ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നു. ഗ്രാമീണ മേഖലകളില്‍ കഞ്ചാവ് മാഫിയകള്‍ പിടിമുറുക്കിയപ്പോള്‍ യുവജന സംഘടനകള്‍ രംഗത്തുവന്ന് ഇവരെ ഒതുക്കിയിരുന്നു. തലയാഴം ഗ്രാമപഞ്ചായത്തിലെ വാക്കേത്തറയിലും മററും ഇതുപോലുള്ള സംഘത്തെ ഒരുപരിധിവരെ നിയന്ത്രിക്കുവാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ടി.വി പുരം പഞ്ചായത്തില്‍ മാഫിയ സംഘങ്ങളുടെ വിഹാരം നാട്ടുകാര്‍ക്ക് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ചില കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തേര്‍വാഴ്ച്ച. പോലീസിന് കാര്യങ്ങള്‍ അറിയാമെങ്കിലും സാധാരണക്കാരെ ദ്രോഹിക്കാനാണ് എസ്.ഐ താല്‍പര്യപ്പെടുന്നത്. ആഴ്ചകള്‍ക്കുമുന്‍പ് പരാതി നല്‍കിയതിന്റെ പേരില്‍ ഒരുപററം യുവാക്കളെ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നിരവധി സാധാരണക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ സ്ഥാപനത്തിലും എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അഴിഞ്ഞാടുകയാണ്. ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ക്കുനേരെ അധികാരികള്‍ കണ്ണടക്കുമ്പോഴാണ് മാഫിയകള്‍ പിടിമുറുക്കുന്നത്. ഇതിനു മാററം ഉണ്ടായാല്‍ മാത്രമേ കഞ്ചാവ് മാഫിയകള്‍ക്കും മററും കടിഞ്ഞാണിടാന്‍ സാധിക്കുകയുള്ളൂ.