Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
06/12/2016
തലയോലപ്പറമ്പിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ഷെറിന്‍.

തലയോലപ്പറമ്പ്: അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് ക്വാളിസും ബൈക്കും തകര്‍ത്തു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ 6.45ന് വെട്ടിക്കാട്ട്മുക്ക് പാലത്തിലാണ് അപകടം. ക്വാളിസിലുണ്ടായിരുന്ന നാലുപേരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മലപ്പുറം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ മങ്കട കളത്തിങ്കല്‍ വീട്ടില്‍ സലാഹുദ്ദീന്‍ (30), ബൈക്ക് യാത്രക്കാരനായ തലയോലപ്പറമ്പ് നീര്‍പ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടി മുണ്ടംകുത്തി കൊട്ടൂര്‍ പാസ്റ്റര്‍ കെ.വി ജോസഫിന്റെ മകന്‍ ഷെറിന്‍ (23)എന്നിവരാണ് മരിച്ചത്. ഓമനയാണ് ഷെറിന്റെ മാതാവ്. സഹോദരങ്ങള്‍: സാം, നിസി. കോട്ടയത്തുനിന്നും എറണാകളുത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മലപ്പുറത്തുനിന്ന് വരികയായിരുന്ന ക്വാളിസ് വാനില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ തട്ടിത്തെറുപ്പിച്ച് പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനും പാലത്തിന്റെ കൈവരിയിലും അമര്‍ന്ന് മരിക്കുകയായിരുന്നു. യുവാവിനെ തിരിച്ചറിയാന്‍ പോലും സാധിക്കുമായിരുന്നില്ല. സംഭവം നടന്ന ഉടന്‍ ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ക്വാളിസ് വാന്‍ പൂര്‍ണമായും തകര്‍ന്നു. പലരും വാഹനത്തിനുള്ളില്‍ വേദനകൊണ്ട് പുളയുകയായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും പോലീസും ഒരുപോലെ അണിനിരന്ന് വാന്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. മലപ്പുറം കളത്തിങ്കല്‍ അബ്ദുല്‍ റസാഖ് (49), ഷാഹിദ (48), ഇവരുടെ ബന്ധു ഹാഷിം (21), ബസ് യാത്രക്കാരനായ എസ്.എച്ച് മൗണ്ട് സ്വദേശി സതീഷ്‌കുമാര്‍ (28) എന്നിവര്‍ക്കാണ് പരുക്കേററത്. സാരമായി പരുക്കേററ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ വെട്ടിക്കാട്ട്മുക്ക് മടത്തിക്കാലയില്‍ അബ്ദുല്‍ അസീസി(53)ന് പരുക്കേററു. സംഭവത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം റോഡില്‍ വാഹനഗതാഗതം നിലച്ചു. പാലത്തില്‍ രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നു. ബസിനടിയില്‍പെട്ട ബൈക്ക് നിശേഷം തകര്‍ന്നു. പാലത്തിന് സംരക്ഷണഭിത്തി ഇല്ലായിരുന്നെങ്കില്‍ ബസ് പുഴയില്‍ പതിക്കുമായിരുന്നു. ദിവസേന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കാല്‍നടയാത്രയായി സഞ്ചരിക്കുന്ന പാലമാണിത്. എട്ടിനുശേഷമാണ് അപകടമെങ്കില്‍ പതിയിരുന്നത് വന്‍ദുരന്തമായിരുന്നു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.