Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ദുരിതപൂര്‍ണം
11/12/2015
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് സമീപം ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍
വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് സുരക്ഷിതമാര്‍ഗം ഒരുക്കാന്‍ വാഹനവകുപ്പും പോലീസും രംഗത്തുണ്ടെങ്കിലും ഇതൊന്നും വേണ്ടവിധത്തില്‍ ഏശുന്നില്ല. സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ദുരിതപൂര്‍ണമാണ്. തലയോലപ്പറമ്പില്‍ സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസുകളിലാണ് വിദ്യാര്‍ത്ഥികള്‍ ഏററവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്റ്റേഷന്റെ മൂക്കിനുതാഴെ പോലും ബസ് ജീവനക്കാര്‍ അഴിഞ്ഞാടുകയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാത്രക്കാരും ബുദ്ധിമുട്ടുന്നു. യാത്രക്കാര്‍ ബസുകളില്‍ കയറുന്നതിനുമുന്‍പ് ക്ലീനര്‍ ബെല്ലടിക്കുന്നതാണ് പ്രധാനപ്രശ്‌നം. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിന്റെ പിടിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുന്നു. ഇത് യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേററത്തിനും സംഘര്‍ഷത്തിനും ഇടയാക്കാറുണ്ട്. കോട്ടയം-എറണാകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസുകള്‍ മത്സരയോട്ടത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കയററാതെ പോകുന്നത് പതിവായിരിക്കുകയാണ്. അതുപോലെ യഥാര്‍ത്ഥ സ്റ്റോപ്പുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കാതെ മററ് സ്ഥലങ്ങളില്‍ കൊണ്ടിറക്കുന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നത്. സ്‌ക്കൂളിലേക്ക് പോകാന്‍ പെണ്‍കുട്ടികള്‍ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നിറങ്ങേണ്ട സാഹചര്യമാണ്. ഇല്ലെങ്കില്‍ ക്ലാസ് തുടങ്ങിയതിനുശേഷം മാത്രമേ സ്‌ക്കൂളിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇവര്‍ പറയുന്നു. തലയോലപ്പറമ്പ് സ്റ്റാന്റില്‍ ലിമിററഡ് സ്റ്റോപ്പ് ബസുകള്‍ രാവിലെ കയറാന്‍ മടിക്കുകയാണ്. സ്‌ക്കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ഏറെ പ്രതിസന്ധികളാണ് പെണ്‍കുട്ടികളെ സന്ധ്യ മയങ്ങിയാല്‍ മാതാപിതാക്കള്‍ ബസ് സ്റ്റോപ്പിലെത്തിയാണ് കൂട്ടിക്കൊണ്ടു പോകുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ഗുരുതരമായി അവശേഷിക്കുമ്പോള്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയുമെല്ലാം ഉത്തരവുകള്‍ കടലാസില്‍ വിശ്രമിക്കുകയാണ്. ഇവരുടെ ഭാഗത്തുനിന്ന് കര്‍ശനനടപടികള്‍ ഉണ്ടായാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് മാററം വരുത്താന്‍ സാധിക്കുമെന്ന് സ്‌ക്കൂള്‍ മാനേജ്‌മെന്റുകളും പി.ടി.എകളും അധ്യാപകരുമെല്ലാം അടിവരയിടുന്നു. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂള്‍ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിലെ ഫീസ് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ പററുന്നതല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ആശ്രയം സ്വകാര്യബസുകളാണ്. വൈക്കം നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അത്ര കുഴപ്പമുള്ളതല്ല. കാരണം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പാസ് എടുത്താണ് യാത്ര ചെയ്യുന്നത്. അതുപോലെ വെച്ചൂര്‍ മുതല്‍ തോട്ടകം പള്ളി വരെയുള്ള സ്റ്റോപ്പുകളില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യബസുകളെ പിടികൂടാന്‍ യുവജനസംഘടനകളുടെയും രക്ഷിതാക്കളുടെയുമെല്ലാം നേതൃത്വത്തില്‍ യൂണിററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലയോലപ്പറമ്പ് മേഖലയിലും ഇതുപോലുള്ള സംരഭങ്ങള്‍ ഉണ്ടായാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ അടിമുടി മാററാന്‍ സാധിക്കും. വരിക്കാംകുന്ന്, വടകര, തലപ്പാറ, പൊതി പ്രദേശങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ബസ് ജീവനക്കാരുടെ ക്രൂരതകള്‍ക്ക് ഇരയാകുന്നത്.