Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്നലെകളുടെ ശേഷിപ്പായി വഴിയമ്പലങ്ങള്‍
05/12/2016
തുറുവേലിക്കുന്ന് ധ്രുവപുരം ശിവക്ഷേത്രത്തിനു സമീപമുള്ള വഴിയമ്പലം നിലംപതിയ്ക്കാവുന്ന അവസ്ഥയില്‍.

വൈക്കം: പണ്ട് കാല്‍നടയാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്ന വഴിയമ്പലങ്ങള്‍ നാശത്തിന്റെ വക്കില്‍. തലയോലപ്പറമ്പ്, വടയാര്‍ ഇളങ്കാവ് ദേവീ ക്ഷേത്ര പരിസരം, തുറുവേലിക്കുന്ന് ധ്രുവപുരം ശിവ ക്ഷേത്രത്തിനു സമീപം, വെച്ചൂര്‍ ശാസ്തക്കുളം ദേവീക്ഷേത്രത്തിന് മുന്‍വശം എന്നിവിടങ്ങളിലാണ് വഴിയമ്പലങ്ങള്‍ നിലനില്‍ക്കുന്നത്. വടയാറും വെച്ചൂരും വഴിയമ്പലങ്ങള്‍ നാട്ടുകാരാല്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും തലയോലപ്പറമ്പിലേയും, തുറുവേലിക്കുന്നിലേയും വഴിയമ്പലങ്ങളുടെ അവസ്ഥ ദയനീയമാണ്. പഴയ ഭൂപ്രഭുക്കളായിരുന്ന തലയോലപ്പറമ്പിലെ കണിയാംപടിക്കല്‍ കുടുംബാംഗമാണ് വഴിയമ്പലമിരിക്കുന്ന പതിനാല് സെന്റ് സ്ഥലവും ഇതിന്റെ നടത്തിപ്പിനായി മൂന്നുപറ നിലവും നല്‍കിയത്. വഴിയാത്രക്കാര്‍ക്ക് ദാഹമകററാന്‍ ഇവിടെ സൗജന്യമായി മോര് വെള്ളം വിതരണം ചെയ്തിരുന്നു. ഇതിനായി ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. വാഹനസൗകര്യം ഇല്ലാതിരുന്ന കാലത്ത് തലയോലപ്പറമ്പ് കാര്‍ത്ത്യായനി ക്ഷേത്രത്തിന് മുന്‍വശത്തുകൂടിയായിരുന്നു പൊതുവഴി. അതുവഴി വരുന്ന യാത്രക്കാര്‍ക്ക് ക്ഷീണമകററാന്‍ വഴിയമ്പലം അനുഗ്രഹമായിരുന്നു. കൂടെയുള്ള മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനായി നിര്‍മ്മിച്ച കല്‍പ്പടവുകളുള്ള കുളം ഇന്നും നിലനില്‍ക്കുന്നു. സമീപത്തുള്ള കിണറരില്‍ നിന്ന് വെള്ളം കോരിവെയ്ക്കുന്നതിന് കരിങ്കല്ലില്‍ തീര്‍ത്ത വലിയ മരവികളും ഇവിടെ ഇന്നും നശിക്കാതെ നിലനില്‍ക്കുന്നു. കണിയാംപടിക്കല്‍ കുടുംബാംഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ഇപ്പോഴത്തെ അവകാശം. അവകാശിയ്ക്ക് പെണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ ഈ സ്ഥലവും കഴിഞ്ഞകാല സംസ്‌കാരവും അന്യാധീനപ്പെടും. അവകാശിയായ ആള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് വഴിയമ്പലം നശിച്ചുതുടങ്ങിയത്. വഴിയമ്പലങ്ങളെ പൈതൃകമായി കണക്കാക്കി സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതിനുവേണ്ടി മുന്നിട്ടിറങ്ങാന്‍ ആരും വരുന്നില്ല. അധികൃതരുടെ അവഗണനയും സാമൂഹ്യവിരുദ്ധരുടെ കൈയ്യേററവും കൂടിയായതോടെ തലയോലപ്പറമ്പിലെ ഒരു ചരിത്ര ശേഷിപ്പാണ് കാലഹരണപ്പെടുന്നത്. തുറുവേലിക്കുന്ന് ക്ഷേത്രത്തിനു സമീപമുള്ള വഴിയമ്പലം ഏറെ ഐതീഹ്യങ്ങള്‍ കുടികൊള്ളുന്ന ഒന്നാണ്. ഹനുമാന്‍ മരുത്വാമലയുമായി പോയ സമയം ഇതില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുവീണാണ് തുറുവേലിക്കുന്ന് ക്ഷേത്രമുണ്ടായതെന്നും, ഇതിനുശേഷം ഇവിടെ വഴിയമ്പലം സ്ഥാപിതമായതെന്നാണ് സങ്കല്‍പം. ഇപ്പോള്‍ ഇത് ഏതു സമയവും നിലംപതിയ്ക്കാവുന്ന അവസ്ഥയിലാണ്. വടയാര്‍ ദേവീ ക്ഷേത്രത്തിന് മുന്‍പിലുള്ള വഴിയമ്പലം ഭക്തരുടേയും, ക്ലബ്ബുകളുടേയും സംരക്ഷണത്താല്‍ ഇന്നും പഴമയുടെ പ്രതാപത്തോടെ നിലനില്‍ക്കുന്നു. വെച്ചൂരിലെ വഴിയമ്പലവും അത്ര പ്രൗഢിയോടു കൂടിയല്ലാതേയും സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.