Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കപ്പ ഇഷ്ടവിഭവമായി മാറുന്നു
03/12/2016

വൈക്കം: നാടിന്റെ മുക്കിലും മൂലയിലുമുള്ള തട്ടുകടകളിലും കള്ളുഷാപ്പുകളിലും ഹോട്ടലുകളിലുമെല്ലാം രാവിലെയും സന്ധ്യമയക്കത്തിലും എത്തുന്നവരുടെ ഇഷ്ടവിഭവമായി കപ്പ മാറുകയാണ്. കപ്പയുടെ രുചി കൂട്ടാന്‍ എത്തുന്നവരെല്ലാം ആശ്രയിച്ചിരുന്നത് രണ്ടു മാസങ്ങള്‍ക്കുമുന്‍പുവരെ താറാവ് റോസ്റ്റിനെയും മപ്പാസിനെയുമായിരുന്നു. എന്നാല്‍ പക്ഷിപ്പനി എത്തിയതോടെ താറാവും കോഴിയും കള്ള് ഷാപ്പുകളില്‍നിന്നും തട്ടുകടകളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടന്‍ താറാവ് വില്‍പനയ്ക്ക് എന്നറിയിച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളെല്ലാം ഇപ്പോള്‍ മാററപ്പെട്ടു. ഇതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് പണി നഷ്ടമായിരിക്കുന്നത്. കോഴിയുടെ വില ദിനംപ്രതി താഴുന്നു. നൂറില്‍നിന്ന് അവസാനം എണ്‍പതില്‍ എത്തിനില്‍ക്കുകയാണ്. ഒരു താറാവിന് 250 എന്നത് പക്ഷിപ്പനി ബാധിച്ചിട്ടും കുറയ്ക്കുവാന്‍ മാഫിയ തയ്യാറാകുന്നില്ല. ഇതുതന്നെയാണ് താറാവുകര്‍ഷകരെ തളര്‍ത്തുന്നത്. കപ്പയുടെ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. 25 മുതല്‍ 30 വരെയാണ് വില. സന്ധ്യ മയങ്ങിയാല്‍ തട്ടുകടകളില്‍ എത്തുന്നവരെ പൊറോട്ടയും ചപ്പാത്തിയും നല്‍കി തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും എത്തുന്നവര്‍ക്കെല്ലാം കപ്പയും ഇതിനോടു ചേര്‍ത്തുള്ള പോട്ടിയും കക്കയിറച്ചിയുമാണ് ഏറെ പ്രിയം. തട്ടുകടക്കാര്‍ക്കും മറ്റും ലാഭം കപ്പ ഒഴികെയുള്ള വിഭവങ്ങളാണ്. എന്നാല്‍ എത്തുന്നവര്‍ക്കെല്ലാം കപ്പ തന്നെയാണ് പ്രിയം. അതുപോലെ തന്നെ ഓംലററുകളില്‍നിന്ന് താറാമുട്ടകളും അരങ്ങൊഴിഞ്ഞിരിക്കുകയാണ്. നാടന്‍ കോഴി മുട്ടകള്‍ക്കും വൈററ് ലഗൂണ്‍ മുട്ടകള്‍ക്കുമാണ് ഡിമാന്റ്. കഴിഞ്ഞ ദിവസം കല്ലറയിലും വെച്ചൂരിലും ആയിരത്തഞ്ഞൂറിലധികം കോഴികളും താറാവുകളും ചത്തതോടെയാണ് വീണ്ടും പക്ഷിപ്പനി സാധാരണക്കാരെ വലയ്ക്കാന്‍ തുടങ്ങിയത്. ചില സ്ഥലങ്ങളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ രോഗബാധയില്ലെന്നു പറഞ്ഞ് ചിലര്‍ സംരക്ഷിക്കാന്‍ ശ്രമിക്കന്നതാണ് പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാക്കാന്‍ ഇടയാക്കുന്നത്. ഇതിന് ഇനിയും തടയിടുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പിടിവിടുമെന്നുള്ള കാര്യം ഉറപ്പാണ്.