Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടിന്റെ മുക്കിലും മൂലയിലും കാറററിംഗ് സര്‍വീസുകള്‍ മൊട്ടിട്ടു പെരുകുന്നു
01/12/2016

വൈക്കം: നാടിന്റെ മുക്കിലും മൂലയിലും കാറററിംഗ് സര്‍വീസുകള്‍ മൊട്ടിട്ടു പെരുകുകയാണ്. നിയോജകമണ്ഡലത്തിലെ നഗരസഭ ഉള്‍പ്പെടെയുള്ള പത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏകദേശം എഴുപതിലധികം കാറററിംഗ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വീട്ടില്‍ ഊണെന്ന പേരില്‍ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം നാല്‍പതോളം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ലൈസന്‍സുകള്‍ ഉള്ളത്. മററുള്ളവയെല്ലാം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തുന്ന പ്രവൃത്തികളില്‍ താളപ്പിഴവുകളുണ്ടാകുമ്പോള്‍ കര്‍ക്കശ നടപടികളുമായി എത്തുന്ന ഉദ്യോഗസ്ഥവൃന്ദം ഇതിനു മുന്‍പേ തന്നെ ഇവര്‍ക്ക് മാനദണ്ഡങ്ങള്‍ കല്‍പിക്കണം. അല്ലാത്തപക്ഷം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുപോലും പേരുദോഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയമനടപടികളും ഉണ്ടാകും. അനധികൃത ഹോട്ടലുകള്‍ എത്തിയതോടെ അംഗീകൃത ഹോട്ടലുകളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. പലരും ഹോട്ടലുകള്‍ അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ്. ഇവിടെയെല്ലാം കാറ്ററിംഗ് സര്‍വീസുകളുടെ പേരില്‍ ചില സ്വകാര്യ വ്യക്തികള്‍ നടത്തുന്ന തോന്ന്യവാസങ്ങളാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനെല്ലാം നടപടിയെടുക്കേണ്ട ഭക്ഷ്യവകുപ്പ് തികഞ്ഞ നിഷ്‌ക്രിയത്വമാണ് പുലര്‍ത്തുന്നത്. അതുപോലെത്തന്നെ വിലനിലവാരത്തിലും കാറററിംഗ് സര്‍വീസുകള്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നത്. ഇതിനെക്കുറിച്ചൊന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് കാര്യമായ അറിവില്ല. ഇറച്ചിയും മീനും ഉള്‍പ്പെടുന്ന സദ്യക്ക് ഒരാള്‍ക്ക് 110 മുതല്‍ 210 രൂപ വരെ ഈടാക്കുന്ന ഏജന്‍സികളുണ്ട്. പച്ചക്കറി സദ്യക്കാണെങ്കില്‍ വില തോന്നുംപടിയാണ്. കാറററിംഗ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലായാലും നഗരസഭയിലായാലും ഇവരെക്കൊണ്ടൊന്നും കാര്യമായ നികുതി വരുമാനമൊന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സെന്റ് ഓഫിനും മററ് സ്വകാര്യ ചടങ്ങുകള്‍ക്കും ഏജന്‍സികള്‍ വില കുറച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതോടെ ഇവര്‍ ഇവരുടെ ഇഷ്ടക്കാരായി മാറുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമ്പോഴുണ്ടാകുന്ന നഷ്ടം, സാധാരണക്കാരായ ആളുകളുടെ വിവാഹചടങ്ങുകള്‍ക്കും ഗൃഹപ്രവേശനത്തിനുമെല്ലാം വലിയ തുക ഈടാക്കി കുറക്കുന്നു. ഇപ്പോള്‍ എല്ലാ പ്രദേശങ്ങളിലും കാറററിംഗ് സര്‍വീസുകളെയാണ് പലരും ആശ്രയിക്കുന്നത്. ഗ്യാസിന്റെ ക്ഷാമവും ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വിലക്കയററവുമാണ് പലരെയും കാറററിംഗ് മേഖലയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ചെലവ് നോക്കുമ്പോള്‍ കാറററിംഗ് നല്‍കുന്നത് വലിയ നഷ്ടമാണെന്ന് ചടങ്ങുകള്‍ക്കു ശേഷം നടക്കുന്ന കണക്കെടുപ്പില്‍ തെളിയുന്നു. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കാറററിംഗ് സര്‍വീസുകളും ചില സ്ഥലങ്ങളിലുണ്ട്. ഇവര്‍ക്കെല്ലാം കരിനിഴല്‍ വീഴ്ത്തുന്ന ചില ശക്തികളെ നിയന്ത്രിക്കാന്‍ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണരണം. അല്ലാത്തപക്ഷം ഈ മേഖലയും കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികളായിരിക്കും. അതേസമയം അനധികൃതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാറററിംഗ് സര്‍വീസുകള്‍ക്കും വീട്ടില്‍ ഊണ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി നഗരസഭ കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ നഗരസഭ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയതായി ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അറിയിച്ചു.