Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ നഗരസഭ കൗണ്‍സിലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം
25/11/2016

വൈക്കം: നഗരസഭ ബീച്ചില്‍ കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കളിസ്ഥലത്തിനും സ്റ്റേഡിയത്തിനുമായി സര്‍ക്കാര്‍ നല്‍കിയ 6.80 ഏക്കര്‍ സ്ഥലത്താണ് ജില്ലാ ടൂറിസം കൗണ്‍സിലുമായി കരാര്‍ വെച്ച് ഒരു കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരാറുകള്‍ അന്നത്തെ നഗരസഭ കൗണ്‍സില്‍ മുന്‍പാകെ അറിയിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അന്വേഷണത്തിന് ഇപ്പോഴത്തെ കൗണ്‍സില്‍ തീരുമാനിച്ചത്. 'വേമ്പനാട് തീരവികസനം' എന്ന പേരില്‍ ആരംഭിച്ച ടൂറിസം പദ്ധതിയില്‍ ജോഗിംഗ് ട്രാക്ക്, ആംപി തീയററര്‍, ഫുഡ് കോര്‍ട്ട് തുടങ്ങി എല്ലാം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ മറച്ചുവെച്ചതും, അംഗീകാരം ഇല്ലാത്ത ജില്ലാ ടൂറിസം കൗണ്‍സിലുമായി എഗ്രിമെന്റ് വെച്ചതുമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്രസ്തുത നിര്‍മാണ പ്രവൃത്തികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ചെയര്‍മാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ഐകകണ്‌ഠേന നിര്‍ദ്ദേശം അംഗീകരിച്ചു. കായലോര ബീച്ചില്‍ കളിസ്ഥലത്തിനും സ്റ്റേഡിയത്തിനും പുറമെ ടൂറിസമടക്കമുള്ള ഇതര ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
വൈക്കം സത്യഗ്രഹ സ്മാരകമന്ദിരത്തില്‍ സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിര്‍മിക്കും. സംസ്ഥാന പുരാരേഖ വകുപ്പാണ് മ്യൂസിയത്തിന്റെ നിര്‍മാണം നടത്തുന്നത്. കേന്ദ്ര ഫണ്ടായി ലഭിച്ചിട്ടുള്ള ഒരു കോടി രൂപയും, സംസ്ഥാന സര്‍ക്കാരിന്റെ അന്‍പത് ലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ സ്റ്റിയറിംഗ് കമ്മിററിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി.
ഫുഡ് ആന്റ് സേഫ്‌ററി വൈക്കം സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കുവാന്‍ മുറികള്‍ അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, ഡി.രഞ്ജിത്കുമാര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ആര്‍.സന്തോഷ്, അഡ്വ. വി.വി സത്യന്‍, ജി.ശ്രീകുമാരന്‍ നായര്‍, ശ്രീകുമാരി യു.നായര്‍, സുമ കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു.