Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍മകള്‍ ബാക്കിയാക്കി അബൂബക്കര്‍ യാത്രയായി
19/11/2016
വൈക്കം മുഹമ്മദ് ബഷീറും സഹോദരന്‍ അബുവും.

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇളയ സഹോദരന്‍ അബു ഇക്കാക്കയുടെ ഓര്‍മ്മകള്‍ ബാക്കിവച്ചുകൊണ്ട് ഇന്നലെ പുലര്‍ച്ചെ വിടപറഞ്ഞു. ഇക്കാക്കയുടെ മരിക്കാത്ത ഓര്‍മകളായിരുന്നു അബുവിന്റെ കൂട്ട്. ബാല്യകാലത്ത് മുഹമ്മദ് ബഷീറിന്റെ എല്ലാത്തരത്തിലുമുള്ള കളികള്‍ക്കും മററും എന്നും അബു കൂട്ടിനുണ്ടായിരുന്നു. ഇതെല്ലാം കൂട്ടുകാരോട് പങ്കുവെക്കുമ്പോള്‍ അബൂക്കയുടെ ആവേശം അതിരുകള്‍ വിടുമായിരുന്നു. മുഹമ്മദ് ബഷീര്‍ കോഴിക്കോട്ട് പോയതിനുശേഷം തന്റെ പ്രിയപ്പെട്ട വിഭവങ്ങളായ കരിമീനും കുടംപുളിയും മാസംതോറും അബൂക്ക കൊണ്ടുനല്‍കുമായിരുന്നു. ബഷീറിന്റെ ബാല്യകാല കൂട്ടുകാരായ കാളിയാക്കല്‍ മാത്തന്‍കുഞ്ഞ്, പുലിപ്ര തോമസ് ചെറിയാന്‍, എറണയ്ക്കല്‍ ചെറിയാന്‍ കുഞ്ഞ് എന്നിവരുടെയെല്ലാം പ്രിയപ്പെട്ടവനുമായിരുന്നു അബു. ബഷീറിന്റെ സാഹിത്യസൃഷ്ടികളില്‍ പ്രധാനമായിരുന്ന പാത്തുമ്മയുടെ ആട്, എന്റെ ഉമ്മ, ഓര്‍മകളുടെ അറകള്‍, വെള്ളപ്പൊക്കം എന്നിവയിലെല്ലാം ജീവിതസ്പര്‍ശം നിറഞ്ഞ കഥാപാത്രങ്ങളായി മാറുവാനും അബുവിനു കഴിഞ്ഞിട്ടുണ്ട്. സാധാരണ മനുഷ്യന്റെ ഹൃദയസ്പന്ദനം പച്ചയായി ആവിഷ്‌കരിച്ച ബഷീറിന്റെ കുസൃതികള്‍ അബു പ്രശസ്ത സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണനെക്കൊണ്ട് 'അബുവിന്റെ ഓര്‍മകള്‍' എന്ന പേരില്‍ ഒരു പുസ്തകം തയ്യാറാക്കി മലയാളിക്ക് സമര്‍പിച്ചിട്ടുണ്ട്. ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ബഷീറിന്റെ ഓര്‍മ്മ എന്നും നിലനിര്‍ത്താന്‍ അബു തന്നെ മുന്‍കൈ എടുത്ത് ബഷീര്‍ അന്തരിച്ച വര്‍ഷമായ 1994 ല്‍ തന്നെ ബഷീര്‍ സ്മാരക സമിതി എന്ന സംഘടനയ്ക്ക് രൂപംനല്‍കിയിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഇന്നും ജന്മനാട്ടില്‍ ഈ സമിതി ബഷീര്‍ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ വ്യത്യസ്തമായ പരിപാടികള്‍ നടത്തിവരുന്നു. മലയാളികളുടെ മനസ്സില്‍ കൂട്ടുറപ്പിച്ച ബഷീര്‍ കഥാപാത്രങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏററവും പ്രായം ചെന്നയാളായിരുന്നു ഇന്നലെ നിര്യാതനായ അബു. ബഷീര്‍ എറണാകുളത്ത് പുസ്തകശാല നടത്തിവന്നിരുന്നപ്പോള്‍ കടയില്‍ സഹായിയായി നിന്നിരുന്നത് അബുവായിരുന്നു. ബഷീറിനെക്കൊണ്ട് പെണ്ണ് കെട്ടിക്കുന്നതിന് കൂട്ടുകാര്‍ മുന്‍കൈ എടുത്തപ്പോള്‍ ഫാബിയെ പെണ്ണുകാണുവാനും കെട്ടുകല്ല്യാണത്തിനും ഉണ്ടായിരുന്ന ബഷീറിന്റെ ഏക ബന്ധു അബു മാത്രമായിരുന്നു. ബഷീറിന്റെ മററു സഹോദരങ്ങളായ അബ്ദുല്‍ഖാദര്‍, ഹനീഫ, ആനുമ്മ, പാത്തുമ്മ എന്നിവര്‍ നേരത്തെ തന്നെ വേര്‍പിരിഞ്ഞിരുന്നു. ബഷീര്‍ കഥകള്‍ പോലെതന്നെ ഹൃദ്യമായ അബു ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണനെകൊണ്ട് തയ്യാറാക്കിയ 'ഇക്കാക്കയുടെ ഓര്‍മകള്‍' സുല്‍ത്താന്‍ തറവാട്ടില്‍നിന്നും മറെറാരു ബഷീറിയന്‍ ശൈലിയുടെ പുനര്‍ജ്ജനിയായിരുന്നു. ബഷീറിന്റെ 2015 വരെയുള്ള എല്ലാ ചരമദിന അനുസ്മരണ പരിപാടിയിലും അബു പങ്കെടുത്തിരുന്നു. ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ ബാല്യകാലസഖി പുരസ്‌ക്കാരം 2014ല്‍ കവി ചെമ്മനം ചാക്കോയ്ക്ക് അബുവാണ് നല്‍കിയത്. അബൂബക്കറുടെ ഓര്‍മകളില്‍ ഇക്കാക്കയുടെ വിവാഹവും സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. കോഴിക്കോട്ട് നിന്നും ബഷീറിന്റെ കത്ത് വന്നു. 'എടാ അബൂ നീ ഉടനേ വരണം അത്യാവശ്യമുണ്ട്' കോഴിക്കോട് ചേവായൂരില്‍ എസ്.കെ. പൊററക്കാടിന്റെ വീടായ ചന്ദ്രകാന്തത്തിലാണ് താമസം. അബു ചെന്നപ്പോഴായിരുന്നു വിവാഹകാര്യം അറിയുന്നത്. ഒരു മാസത്തിനകം നിക്കാഹും നടത്തിയ ശേഷമാണ് അബു കോഴിക്കോട്ട് നിന്നും തിരികെ പോന്നത്. ബഷീര്‍ വിവാഹം കഴച്ച് തലയോലപ്പറമ്പില്‍ ഇന്നത്തെ ഫെഡറല്‍ നിലയത്തില്‍ താമസിച്ചപ്പോള്‍ ബഷീറിന്റെ ഭാര്യ ഫാബിയെ പാചകത്തിന് സഹായിച്ചിരുന്നത് അബുവും അബുവിന്റെ ഭാര്യ പരേതയായ സുഹ്‌റയുമായിരുന്നു. അബൂക്ക വിടവാങ്ങിയതോടെ തലയോലപ്പറമ്പ് ചന്തയ്ക്ക് സമീപത്തെ പുത്തന്‍കാഞ്ഞൂര്‍ തറവാടിന്റെ മുററത്ത് എത്തുന്ന ബഷീര്‍ ആരാധകരെ സ്വീകരിക്കുവാന്‍ ഇനി ചാമ്പമരവും മാങ്കോസ്റ്റിനും മാത്രം.