Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന പദ്ധതികളെ വൈകിപ്പിക്കുന്നവരെ ജനങ്ങള്‍ക്കറിയാമെന്ന് കെ അജിത്ത് എം എല്‍ എ
10/12/2015
മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് പിന്നില്‍ നിന്നും പാര പണിയുകയും, അനുവദിക്കപ്പെടുന്നതിന്റെ എല്ലാം പിതൃത്വം തങ്ങള്‍ക്കാണെന്നും പറയുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ സംസ്‌കാരം വൈക്കത്തുകാര്‍ക്ക് നന്നായി മനസ്സിലാകുമെന്ന് കെ.അജിത്ത് എം.എല്‍.എ. മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ധനവകുപ്പ് ഇടങ്കോലിട്ട് വൈകിപ്പിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തത്. വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി തുക അനുവദിക്കുമ്പോള്‍ ബന്ധപ്പെട്ട മന്ത്രിയുമായി ഒരു പ്രതിനിധി സംഘം ചര്‍ച്ച നടത്തി നേടിയെടുത്തതാണെന്ന രീതിയില്‍ മാധ്യമവാര്‍ത്ത നല്‍കുന്നത് കുറച്ചുനാളായി തുടരുകയാണ്. ഇതിനായി ഒരു സ്ഥിരം പ്രതിനിധിസംഘം തന്നെ വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അനുവദിക്കപ്പെട്ട കുടിവെള്ള പദ്ധതികളെല്ലാം ഈ പ്രതിനിധി സംഘം ചര്‍ച്ച നടത്തിയും നിവേദനം നല്‍കിയും യാഥാര്‍ത്ഥ്യമാക്കിയതാണെന്ന അവകാശവാദം പരിഷ്‌കൃതസമൂഹത്തില്‍ വിലപ്പോവില്ലെന്നകാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണമെന്ന് എം.എല്‍.എ പറഞ്ഞു. തലയോലപ്പറമ്പ് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പിതൃത്വവും ഇക്കൂട്ടര്‍ ഏറെറടുത്തതായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ സര്‍ക്കാര്‍ അധികാരമേററ ഉടനെ സമര്‍പ്പിച്ച തലയോലപ്പറമ്പ് പഞ്ചായത്തിലെ 8.4 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് 2014 മെയ് 14ന് ചേര്‍ന്ന എസ്.എല്‍.എസ്.സി യോഗത്തില്‍ അംഗീകാരം ലഭിക്കുകയും തുടര്‍ന്ന് നവംബര്‍ 12ന് ഭരണാനുമതിയും ഈ വര്‍ഷം ഏപ്രില്‍ ആറിന് സാങ്കേതികാനുമതിയും ലഭിച്ചതാണ്. ഈ പദ്ധതിക്കാണ് പ്രതിനിധിസംഘവും കഴിഞ്ഞ ദിവസം ചുമതലയേററ ഭരണസമിതിയും ചേര്‍ന്ന് ചര്‍ച്ച നടത്തി അനുമതി നേടിയെടുത്തതാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.രണ്ട് സോണുകളായി തിരിച്ചിട്ടുള്ള പദ്ധതിയുടെ രണ്ടാം സോണിന്റെ ടെണ്ടര്‍ നടപടികള്‍ നവംബര്‍ ആദ്യവാരവും, ഒന്നാം സോണിന്റെ ടെണ്ടര്‍ നടപടികള്‍ നവംബര്‍ അവസാനവാരവും ആരംഭിച്ചിരുന്നു. അതനുസരിച്ച് ഡിസംബര്‍ 23ന് ഒന്നാം സോണിന്റെയും 2016 ജനുവരി അഞ്ചിന് രണ്ടാം സോണിന്റെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. വസ്തുതകള്‍ ഇതായിരിക്കെയാണ് നവംബര്‍ ഒടുവില്‍ ചുമതലയേററ ഭരണസമിതിയുമായി ചേര്‍ന്ന് പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയതായ വാര്‍ത്തകള്‍ നല്‍കി പ്രതിനിധിസംഘം ജനങ്ങളെ തെററിദ്ധരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാനത്ത് ഭരണമാററത്തിന് കളമൊരുങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ടുള്ള ഇത്തരം പാഴ്‌വേലകള്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും കെ.അജിത്ത് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.