Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തജനങ്ങളുടെ തിരക്കിലും അഷ്ടമി വിപണി പൊളിയുന്നു
16/11/2016

വൈക്കം: ഓരോ ദിവസം പിന്നിടുമ്പോഴും അഷ്ടമി ആഘോഷിക്കാനെത്തുന്നവരുടെ തിരക്ക് റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. കാലാവസ്ഥ അനുയോജ്യമായതാണ് ജനസഞ്ചയത്തിന് പ്രധാനകാരണം. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജനം എത്തുമ്പോഴും അഷ്ടമി വിപണി നിര്‍ജീവാവസ്ഥയിലാണ്. നഗരസഭയില്‍ വലിയ തുകയടച്ച് കച്ചവടത്തിന് സ്ഥലമെടുത്ത വ്യാപാരികള്‍ പലരും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ കച്ചവടക്കാരെ സമീപിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ പലരും വേദനിപ്പിക്കുന്ന ബുദ്ധിമുട്ടുകളാണ് പറഞ്ഞത്. സാധാരണക്കാരുടെ കയ്യില്‍ നോട്ടുകളില്ലാത്തത് തന്നെയാണ് വിപണിയെ തകര്‍ക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി എത്തുന്നവരോട് ഇതുവാങ്ങിയാല്‍ തന്നെ ബാക്കി നല്‍കുവാന്‍ കച്ചവടക്കാരുടെ കയ്യില്‍ പണമില്ല. പലരും ഇതുസംബന്ധിച്ച് വ്യാപാരികളോട് ലഹളയുണ്ടാക്കുന്നു. എന്നാല്‍ നോട്ടുകള്‍ വാങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്നും ബാക്കി നല്‍കുവാന്‍ പണമില്ലാത്തതാണ് പ്രശ്‌നമെന്ന് വ്യാപാരികള്‍ പറഞ്ഞാലും ഇതൊന്നും കൂട്ടാക്കുവാന്‍ എത്തുന്നവര്‍ മടിക്കുന്നു. ബാങ്കുകളില്‍ രാവിലെ മുതല്‍ ക്യൂ നിന്നാല്‍ പോലും പലര്‍ക്കും നോട്ടുകള്‍ മാററി ലഭിക്കാത്ത അവസ്ഥയാണ്. പ്രധാന ബാങ്കുകളെല്ലാം ജനത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇവിടെയെല്ലാം എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്. അവരവര്‍ക്ക് സ്വന്തമായി അക്കൗണ്ടുള്ള ബാങ്കില്‍ പോലും നോട്ടുകള്‍ മാററി ലഭിക്കാത്ത സാഹചര്യമാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് സുതാര്യത നല്‍കുമ്പോള്‍ ചില ബാങ്കിലെ ജീവനക്കാര്‍ മര്‍ക്കടമുഷ്ടിയാണ് പ്രയോഗിക്കുന്നത്. ഇതുതന്നെയാണ് സാധാരണക്കാരായ ആളുകളെ പ്രതിസന്ധിയിലാക്കുന്നത്. നോട്ടുകള്‍ മാറി ലഭിക്കാത്തപക്ഷം വൈക്കത്തിന്റെ സ്വന്തം ആഘോഷമായ അഷ്ടമിക്ക് ആയിരങ്ങള്‍ മുടക്കി വഴിയോര കച്ചവടങ്ങള്‍ ആരംഭിച്ചിരിക്കുന്നവര്‍ കണ്ണുനീര്‍ കുടിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ അഷ്ടമി വിപണി നേരത്തെതന്നെ സജീവമായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ നോട്ട് നിരോധനമാണ് വിപണിയെ തകര്‍ത്തത്. വരുംദിവസങ്ങളിലെങ്കിലും വിപണിയില്‍ ജനസാന്നിദ്ധ്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ കച്ചവടക്കാര്‍.