Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ താല്‍പര്യം കുറയുന്നു.
10/12/2015
വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ താല്‍പര്യം കുറയുന്നു. മാഫിയകള്‍ ഇറച്ചി വില തോന്നുംപടി വര്‍ദ്ധിപ്പിച്ചതാണ് സാധാരണക്കാരെ പോത്തിറച്ചി വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വെട്ടിക്കാട്ട്മുക്ക്, തലയോലപ്പറമ്പ്, വല്ലകം, നാനാടം, ടൗണ്‍, ചെമ്പ് എന്നിവിടങ്ങളിലാണ് പോത്തിറച്ചി വില മുന്നൂറിലെത്തി നില്‍ക്കുന്നത്. എന്നാല്‍ ഉല്ലല, തലയാഴം ഭാഗങ്ങളില്‍ 260 രൂപയേ ഇറച്ചിക്കുള്ളൂ. വൈക്കത്തുനിന്ന് കായല്‍ കടന്ന് അക്കരയെത്തിയാല്‍ പോത്തിറച്ചിയുടെ വില പിന്നെയും താഴും. കിലോയ്ക്ക് 240 രൂപ മാത്രം. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് വൈക്കത്തുള്ളവര്‍ ഇപ്പോള്‍ പൂച്ചാക്കല്‍, പാണാവള്ളി ഭാഗങ്ങളില്‍ നിന്നാണ് ഇറച്ചി വാങ്ങുന്നത്. താലൂക്കില്‍ വെട്ടിക്കാട്ട്മുക്കിലാണ് ആദ്യമായി ഇറച്ചി വില വര്‍ദ്ധിപ്പിക്കുന്നത്. 250 രൂപയില്‍ നിന്നാണ് ഒററയടിക്ക് 50 രൂപ വര്‍ദ്ധിപ്പിച്ച് 300ല്‍ എത്തിയത്. ആരംഭത്തില്‍ നാട്ടുകാര്‍ പലരും ഇതിനോട് പ്രതിഷേധിച്ചെങ്കിലും വില കുറക്കുവാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. വെട്ടിക്കാട്ട്മുക്കിലെ വില വര്‍ദ്ധനവ് ക്രമേണ മററ് പല സ്ഥലങ്ങളിലേക്കും എത്തി. വില വര്‍ദ്ധനവ് വ്യാപാരത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതു തന്നെയാണ് പോത്തിറച്ചിയുടെ വിപണനത്തെ ബാധിച്ചതെന്ന് കച്ചവടക്കാര്‍പോലും തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ വില കുറക്കാന്‍ വ്യാപാരികള്‍ മടിക്കുകയാണ്. പ്രശ്‌നത്തില്‍ ഇടപെടുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇനിയും വൈകിയാല്‍ ആട്, താറാവ് എന്നിവയുടെ വിലയും തോന്നുംപടിയാകും. തലയാഴം, ഉല്ലല, വെച്ചൂര്‍ ഭാഗങ്ങളില്‍ 260 രൂപയ്ക്ക് പോത്തിറച്ചി വില്‍പന നടത്തുമ്പോള്‍ കച്ചവടക്കാര്‍ക്ക് വലിയ ലാഭം തന്നെയാണ് ലഭിക്കുന്നത്. അമിതലാഭം കൊയ്യുവാന്‍ തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറച്ചി മാഫിയ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിനു പിന്നിലുള്ള പ്രധാനകാരണം.