Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണകാശിയുടെ വീഥികള്‍ ഇനി അഷ്ടമി ലഹരിയില്‍
11/11/2016

വൈക്കം: ദക്ഷിണകാശിയുടെ വീഥികള്‍ ഇനി അഷ്ടമി ലഹരിയില്‍. ഇന്നലെ കൊടിയേറിയതോടെ ആവേശം ഇരട്ടിയായി. അഷ്ടമി ഉത്സവദിനങ്ങളില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ ആളുകള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. വരുംദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ നാല് നടകളിലുമുള്ള വഴിയോരങ്ങള്‍ കച്ചവടക്കാരെ കൊണ്ട് നിറയും. ഇവിടെ ലഭിക്കാത്ത വിഭവങ്ങളൊന്നും തന്നെ ഉണ്ടാകില്ല. നഗരസഭയും ദേവസ്വം ബോര്‍ഡും വിശ്വാസികള്‍ക്ക് വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷനും അമ്പലക്കുളവുമെല്ലാം പ്രവര്‍ത്തനക്ഷമമാണ്. പൊതുമരാമത്ത് വകുപ്പ് കൊടിയേററിനടുത്ത ദിവസങ്ങളില്‍ റോഡില്‍ അററകുററപണികള്‍ നടത്തിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെയെല്ലാം അതിജീവിക്കുന്നതാണ് അഷ്ടമി ആഘോഷം. ഇന്ന് മുതല്‍ 12 നാള്‍ ബോട്ട് ജെട്ടി മുതല്‍ പടിഞ്ഞാറെനട വരെയുള്ള വീഥികള്‍ വിശ്വാസികളെകൊണ്ട് നിറയും. ഇവിടെ രാവും പകലും ഒരുപോലെയാണ്. വഴിയോരക്കച്ചവടക്കാരെ പിഴിയുന്നതിന് മാഫിയകളും കളത്തിലിറങ്ങിയിട്ടുണ്ട്. കച്ചവടം പൊടിപൊടിക്കാന്‍ മാഫിയകള്‍ വന്‍തുകയാണ് പലിശയ്ക്ക് എറിയുന്നത്. ഇതിന്റെ ഇരട്ടിലാഭം അഷ്ടമിയിലൂടെ കൊയ്യാമെന്ന വിശ്വാസത്തില്‍ പലരും പറയുന്ന പലിശയ്ക്ക് പണം വാങ്ങുന്നു. വരുംദിവസങ്ങളില്‍ സര്‍ക്കസ് ഉള്‍പ്പെടെയുള്ള മാമാങ്കങ്ങളെല്ലാം ക്ഷേത്രനഗരിയിലേക്ക് എത്തുന്നുണ്ട്. വൈക്കത്തിന്റെ ആവേശമായ അഷ്ടമി കച്ചവടക്കാര്‍ക്കും നഗരസഭക്കും ദേവസ്വം ബോര്‍ഡിനുമെല്ലാം വന്‍ലാഭമുണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.