Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിലകത്തുംകടവ് മാര്‍ക്കററിലെ ഐസ് പ്ലാന്റ് നടത്തിപ്പില്‍ വന്‍ വെട്ടിപ്പ് നടന്നതായി സൂചന.
10/11/2016
വൈക്കം നഗരസഭയുടെ കീഴിലുള്ള കോവിലകത്തുംകടവ് മത്സ്യമാര്‍ക്കററിലെ ഐസ് പ്ലാന്റ്

വൈക്കം: നഗരസഭയ്ക്ക് കീഴിലുള്ള കോവിലകത്തുംകടവ് മാര്‍ക്കററിലെ ഐസ് പ്ലാന്റ് നടത്തിപ്പില്‍ വന്‍ വെട്ടിപ്പ് നടന്നതായി സൂചന. വിവരാവകാശ രേഖയിലും, ജില്ലാ ഓഡിററര്‍ ജനറല്‍ നടത്തിയ പരിശോധനയിലുമാണ് അഴിമതി നടന്നിട്ടുള്ളതായി വിവരം ലഭിച്ചത്. ദിവസവും 250 ഐസ് ബോക്‌സുകള്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ ഒരു ഐസ് ബോക്‌സ് 60-80 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐസ് എത്ര രൂപയ്ക്ക് വില്‍ക്കണമെന്ന് കരാറില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ചില സമയങ്ങളില്‍ 100 രൂപയ്ക്ക് വരെ വില്‍ക്കുന്നുണ്ട്. ദിവസം 15000 രൂപയാണ് കുറഞ്ഞ വിററുവരവ്. മാസവിററു വരവ് 450000 രൂപയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ആറു പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. തുടക്കം മുതലുള്ള തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂര്‍ ജോലിയോടുകൂടി ദിവസേന 300 രൂപയാണ് വേതനം.
ഇവര്‍ക്ക് എല്ലാവര്‍ക്കുംകൂടി ആകെ നല്‍കുന്ന ശമ്പളം 54000 രൂപയാണ.് വൈദ്യുതി ഇനത്തില്‍ പ്രതിമാസം പരമാവധി 1.30 ലക്ഷം രൂപയാണ് വരുന്നത്. ആകെ ചെലവ് 1.84 ലക്ഷം രൂപ. കരാറുകാരന് മാസം ലാഭം 266000. നഗരസഭയില്‍ മാസ വടക അടയ്‌ക്കേണ്ടത് കേവലം 10834 രൂപ മാത്രമാണ്. കരാര്‍ വ്യവസ്ഥയില്‍ പ്രതിവര്‍ഷം മാസവാടകയില്‍ വര്‍ദ്ധനവു വരുത്തണമെന്ന അടിസ്ഥാന വ്യവസ്ഥകള്‍ പോലും പാലിക്കാതെ പ്ലാന്റ് കരാറുകാരന് തീറെഴുതിയ രീതിയിലാണ്. തൊഴില്‍കരം പോലും ഇന്നേവരെ അടച്ചിട്ടില്ല. അതുപോല സുരക്ഷാ ഭീഷണിയാണ് പ്രദേശവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് യോഗ്യത തെളിയിക്കുന്ന യാതൊരുവിധ രേഖകളുമില്ല; പരിശീലനവും സിദ്ധിച്ചിട്ടില്ല. തൊഴിലാളികളായി എത്തിയ ആസാം സ്വദേശികളാണ് പലപ്പോഴും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. അമോണിയയുടെ രൂക്ഷഗന്ധം പരക്കുന്നതായി നാട്ടുകാര്‍ക്ക് വ്യാപകമായ പരാതിയുണ്ട്. അതീവസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിപ്പിക്കേണ്ട പ്ലാന്റ് പരീശിലനം ലഭിച്ചിട്ടില്ലാത്തവര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വന്‍ ദുരന്തത്തിനുകാരണമാകാം. ഫയര്‍ ആന്റ് സേഫ്‌ററി, ഡി.എം.ഒയുടെ സര്‍ട്ടിഫിക്കററ്, ഫിററ്‌നസ് സര്‍ട്ടിഫിക്കററ് എന്നിവ ഒന്നും ഈ പ്ലാന്റിനില്ല. നഗരസഭയുടെ യാതൊരു പരിശോധനയും ഇവിടെ നടത്തിയിട്ടില്ലെന്നതും രേഖകളില്‍ വ്യക്തമാണ്. ലേല നടപടികള്‍ ഒന്നും പാലിക്കാതെ 2005 ഓഗസ്റ്റ് 25 മുതല്‍ 2008 മാര്‍ച്ച് 24 വരെ തുടക്കം മുതലുള്ള കരാറുകാരനായ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് പ്ലാന്റ് നടത്താന്‍ അനുവാദം നല്‍കി. മാര്‍ക്കറ്റിലെ ഐസിന്റെ ആവശ്യം കൂടിയപ്പോള്‍ നിലവിലുണ്ടായിരുന്ന ഐസ് ബോക്‌സ് 144ല്‍ നിന്ന് 288 ആയി വര്‍ദ്ധിപ്പിക്കുവാനും, ഇതിനായി പ്ലാന്റിന്റെ നവീകരണത്തിന് ആവശ്യമായ ഫണ്ട് നഗരസഭയ്ക്ക് ഇല്ലെന്നും ഇത് കരാറുകാരനെകൊണ്ട് മുടക്കിക്കാനും, വാടകയിനത്തില്‍ ഈ തുക കുറവ് നല്‍കാനും കൗണ്‍സില്‍ തീരുമാനിക്കുകയും പത്ത് വര്‍ഷത്തേക്ക് പ്ലാന്റ് നല്‍കിക്കൊണ്ട് കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ഈ കരാറിലും, നവീകരണ പ്രവര്‍ത്തനത്തിലുമാണ് വന്‍അഴിമതി നടന്നത്. പ്ലാന്റ് നവീകരിച്ചത് 11,82,843 ചെലവായതായാണ് കരാറുകാരന്‍ രേഖാമൂലം നല്‍കിയിട്ടുള്ളത്. നിയമപ്രകാരം പ്ലാന്റിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കോട്ടേഷന്‍ വെക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇത് പരിശോധിക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും കരാറുകാരന്‍ നവീകരണം നടത്തിയതിന് ചെലവായ തുക ഒരു പരിശോധനയും കൂടാതെ അനുവദിക്കുകയായിരുന്നെന്ന് ജില്ലാ ഓഡിററ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ പ്രകാരം 2000 രൂപ വരെയുള്ള അററകുററപണികള്‍ കരാറുകാരനും 2000 രൂപയ്ക്ക് മുകളിലുള്ള അറ്റകുറ്റ പണികള്‍ നഗരസഭ ചെയ്യണമെന്നാണ് ചട്ടം. ഇതുപ്രകാരം വര്‍ഷംതോറും അററകുററപണികള്‍ നടത്തിയെന്ന് കാണിച്ച് വന്‍ തുക ചെലവായതായി കരാറുകാരന്‍ നഗരസഭയെ അറിയിക്കുകയും ഇത് യാതൊരു പരിശോധനയും കൂടാതെ ഉദ്യോഗസ്ഥര്‍ അനുവദിക്കുകയുമായിരുന്നു പതിവ്. അനുവദിച്ച തുക മാസ വാടകയില്‍ കിഴിവും നല്‍കിയിരുന്നു. ഇത്തരത്തില്‍ വന്‍ വെട്ടിപ്പാണ് ഇവിടെ അരങ്ങേറിയത്. ഇതുസംബന്ധിച്ച് സൂചന കിട്ടിയവര്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ലഭ്യമല്ലെന്ന മറുപടിയാണ് നല്‍കുന്നത്.
നിരവധി അഴിമതി ആരോപണം നേരിടുന്ന കഴിഞ്ഞ നഗരസഭ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ട ഒരു പാര്‍ട്ടി നേതാവാണ് കരാറുകാരന്റെ പ്രധാന സഹായായി നില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ കരാര്‍ റദ്ദ് ചെയ്ത് പൊതു ലേലം വെച്ചാല്‍ ലക്ഷങ്ങളുടെ ലാഭം ഉണ്ടാകുമെന്ന് വ്യക്തമാണ്. എന്നാല്‍ കരാറുകാരന്റെ മാസപ്പടി പറ്റുന്ന ഉദ്യോഗസ്ഥരും, എതാനും കൗണ്‍സിലര്‍മാരും കരാറുകാരന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. അവര്‍ക്കൊന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. തെളിവ് പുറത്തുവിട്ടാല്‍ മുന്‍സ്പീക്കറുടെ അവസ്ഥയായിരിക്കും ഇവര്‍ക്കെല്ലാം.