Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം സ: പത്മേഷണന്‍ ഡിസംബര്‍ 10
09/12/2015
ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധീരനായ പോരാളിയും സംഘാടകനും ആയിരുന്ന സ:പത്മേഷണന്‍ മരിച്ചിട്ട് 64 വര്‍ഷം തികയുകയാണ്. 1923 ല്‍ വൈക്കം താലൂക്ക് കണ്ണുകെട്ടിശ്ശേരി കരയില്‍ മുത്തുണില്‍ വീട്ടില്‍ അംഗനാശാന്റേയും കുഞ്ചിയമ്മയുടെയും മകനായി ജനിച്ച സഖാവ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കയര്‍ ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ചു. 1940 കളില്‍ തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായി പൊതുരംഗത്തെത്തി. ബ്രിട്ടീഷ് ഭരണത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനുമെതിരായ സമരങ്ങളില്‍ പങ്കെടുത്തു. പ്രക്ഷോഭങ്ങളില്‍ അസാമാന്യമായ ധീരതയും ആത്മാര്‍ത്ഥതയും സാഹസിക മനോഭാവവും പുലര്‍ത്തിയിരുന്ന സ:പത്മേഷണന്‍ കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും 1942ല്‍ വൈക്കത്തെ ആദ്യത്തെ ട്രേഡ് യൂണിയനായ വൈക്കം താലൂക്ക് കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ സ്ഥാപിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. 1943ല്‍ വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അതിലെ സ്ഥാപക അംഗമായിരുന്നു. സഖാക്കള്‍ സി കെ വിശ്വനാഥന്‍, പി എസ് ശ്രീനിവാസന്‍, എന്‍ മാധവന്‍ തുടങ്ങി പാര്‍ട്ടി സ്ഥാപക നേതാക്കളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഭവബഹുലവും ത്യാഗനിര്‍ഭരവുമായ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഒളിവില്‍ കഴിയുന്ന സഖാക്കളെ സംരക്ഷിക്കുന്നതിനും മറ്റും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. കയര്‍-ബീഡി രംഗത്തെ തൊഴിലാളികളെയും സംഘടിപ്പിക്കുവാന്‍ പരിശ്രമിച്ചു. ഉല്ലല കേസിലടക്കം പ്രതിയായ സഖാവിനെ ഒളിവില്‍ നിന്നും പൊലീസ് പിടികൂടി. സ: പത്മേഷണനേയും ഭീകര മര്‍ദ്ദനത്തിനിരയാക്കുകയും തുറുങ്കിലടക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തെത്തുടര്‍ന്ന് ക്ഷയരോഗ ബാധിതനായി. 1951 ഡിസംബര്‍ 10ന് 28-ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ചു. വൈക്കത്തെ വിപ്ലവ പോരാട്ടങ്ങളില്‍ എന്നും ഓര്‍ക്കുന്ന ധീരനായ രക്തസാക്ഷിയാണ് സ:പത്മേഷണന്‍. സഖാവിന്റെ ചരമദിനം വര്‍ഷങ്ങളായി സി പി ഐ-സി പി എം സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു വരുന്നു. സംഭവ ബഹുലമായിരുന്ന പോയ കാലഘട്ടം സമ്മാനിച്ച ധീരനായ സ:പത്മേഷണന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഞങ്ങള്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ ഡി വിശ്വനാഥന്‍ സെക്രട്ടറി സി പി ഐ വൈക്കം മണ്ഡലം കമ്മററി