Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ സമൂഹത്തിന്റെ ഒററപ്പണം സമര്‍പ്പണം 10ന
08/11/2016

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള വടയാര്‍ സമൂഹത്തിന്റെ ഒററപ്പണം സമര്‍പ്പണം 10ന് നാളെ വൈകിട്ട് ശ്രീകോവിലിന് മുന്നില്‍ ക്ഷേത്രബലിക്കല്‍ പുരയില്‍ വെച്ച് നടത്തും. പരമ്പരാഗതമായി വടയാര്‍ സമൂഹം നടത്തി വരുന്ന അനുഷ്ഠാന ചടങ്ങാണിത്. സമൂഹ മഠത്തില്‍ നിന്നും കൊണ്ടുവരുന്ന ചങ്ങലവട്ടയിലേക്ക് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി സമൂഹം വാദ്ധ്യാര്‍ക്ക് ഭദ്രദീപം തെളിയിച്ച് നല്‍കും. ബലിക്കല്‍പ്പുരയില്‍ വെള്ളപ്പട്ട് വിരിച്ച് ദേവസ്വം അധികാരികളുടെ സാന്നിദ്ധ്യത്തില്‍ കിഴിക്കാര്‍, പട്ടോലക്കാര്‍, സമൂഹാംഗങ്ങള്‍, ഭക്തജനങ്ങള്‍, ദേവസ്വം അധികാരികള്‍ എന്നീ ക്രമത്തില്‍ പട്ടില്‍ ഒററപ്പണം സമര്‍പ്പിക്കും. പട്ടില്‍ സമര്‍പ്പിച്ച ഒററപ്പണം കിഴികെട്ടി ദേവസ്വം അധികാരികളുടെ സാന്നിദ്ധ്യത്തില്‍ സമൂഹം പ്രസിഡന്റ് തലച്ചുമടായി സമൂഹാംഗങ്ങളോടൊപ്പം ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കാണിക്കവഞ്ചിയില്‍ സമര്‍പ്പിക്കും. പഞ്ചാക്ഷരി മന്ത്രജപത്തോടെയാണ് ക്ഷേത്രത്തിന് ചുററും പ്രദക്ഷിണം വയ്ക്കുന്നത്. രാജഭരണ കാലത്ത് വടയാററ് തമ്പുരാന്റെ പ്രതിനിധിയായിരുന്ന ഒരു ബ്രാഹ്മണന്‍ ക്ഷേത്രത്തില്‍ ഒററപ്പണം സമര്‍പ്പിക്കാന്‍ എത്തിയെന്നും ഇതിന് സാധിക്കാതെ വരികയും അടുത്ത വര്‍ഷം മുതല്‍ മുടങ്ങാതെ ഒററപ്പണം സമര്‍പ്പണം നടത്തിക്കൊള്ളാമെന്ന് ബ്രാഹ്മണന്‍ അറിയിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ ആചാരം ഇന്നും തുടര്‍ന്ന് വരുന്നു. തിരുവൈക്കത്തപ്പന്റെ കൊടിയേററ് ദിനത്തിലാണ് ഇക്കുറി വടയാര്‍സമൂഹ സന്ധ്യാവേല. സന്ധ്യാവേലയ്ക്ക് മുന്‍മ്പായി സമൂഹമഠം കുടുംബാംഗങ്ങള്‍ കുടുംബ ക്ഷേത്രങ്ങളായ തൃപ്പക്കുടം, ഇളങ്കാവ്, വാക്കയില്‍, പുണ്ഡരീകപുരം, ഉദയനാപുരം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആചാരപ്രകാരമുള്ള വഴിപാടുകളും പത്രികാ സമര്‍പ്പണവും നടത്തി. സന്ധ്യാവേല ദിവസം സമൂഹമഠം നടത്തി വരുന്ന പ്രാതല്‍ വഴിപാട് വൈക്കത്തപ്പന് മാന്യസ്ഥാനത്ത് ഇലവെച്ച് വിളമ്പിയശേഷം ഊട്ടുപുരയില്‍ നടത്തും. സന്ധ്യാവേലയ്ക്കുള്ള അരി അളക്കല്‍ ഇന്ന് ക്ഷേത്രകലവറയില്‍ നടക്കും. ക്ഷേത്രവും സമൂഹമഠവുമായി നൂററാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധത്തെ എടുത്തു കാട്ടുന്നതാണ് വടയാര്‍ സമൂഹ സന്ധ്യാവേലയും അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളും.