Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീബ്രാ ലൈനുകള്‍ മാഞ്ഞുതുടങ്ങിയിട്ടും അധികാരികള്‍ക്ക് അനക്കമില്ല.
31/10/2016
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് കാല്‍നടയത്രക്കാരുടെ സുരക്ഷിത സഞ്ചാരത്തിന് വരച്ച സീബ്രാ ലൈനുകള്‍ മാഞ്ഞനിലയില്‍.

വൈക്കം : ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തിലെ കാല്‍നടയാത്രക്കാരുടെ സുരക്ഷിത യാത്രക്ക് വേണ്ടിയുള്ള സീബ്രാ ലൈനുകള്‍ മാഞ്ഞുതുടങ്ങിയിട്ടും അധികാരികള്‍ക്ക് അനക്കമില്ല. തെളിഞ്ഞുകിടക്കുന്ന സമയത്തുപോലും സീബ്രാ ലൈനുകള്‍ക്ക് കുറുകെ ബസുകള്‍ നിര്‍ത്തുന്നത് കാല്‍നട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജനങ്ങളുടെ ജീവനും സുരക്ഷക്കും യാതൊരു വിലയും നല്‍കാതെയുള്ള വാഹനങ്ങളുടെ ഈ പരക്കംപാച്ചില്‍ യാത്രക്കാരുടെ സുരക്ഷക്കായി നിര്‍മിച്ചിരിക്കുന്ന സീബ്രാ ലൈനുകളെ വെറും വരകള്‍ മാത്രമാക്കി മാററുന്നു. വൈക്കം നഗരത്തിലും തലയോലപ്പറമ്പ് ടൗണിലും കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാണ് സീബ്രാലൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡില്‍ വരച്ചിരിക്കുന്ന വരകള്‍ പലതും മാഞ്ഞുതുടങ്ങിയിരിക്കുകയാണ്. ഇത് പെയിന്റ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല. ഇതിനിടയില്‍ നിരവധി ബസുകളാണ് സീബ്രാ ലൈനുകള്‍ക്ക് കുറുകെ നിര്‍ത്തി ആളുകളെ കയററി ഇറക്കുന്നത്. ഇതുമൂലം റോഡ് മുറിച്ചുകടക്കേണ്ട നിരവധി യാത്രക്കാരാണ് റോഡിന് ഇരുവശങ്ങളിലുമായി ദീര്‍ഘനേരം നോക്കി നില്‍ക്കേണ്ടി വരുന്നത്. സീബ്ര ലൈനുകള്‍ക്ക് അഞ്ച് മീററര്‍ അകലെ വാഹനങ്ങള്‍ നിര്‍ത്തണമെന്ന നിയമം നിലനില്‍ക്കെയാണ് കാല്‍നട യാത്രക്കാര്‍ നോക്കിനില്‍ക്കെ ബസുകള്‍ സീബ്രാ ലൈനുകള്‍ക്ക് കുറുകെ നിര്‍ത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് ഇതിന് കൂടുതലും ഇരയാകുന്നത്. അധികാരികളുടെ കണ്‍മുന്നിലാണ് ഈ അതിക്രമം നടക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മത്സരയോട്ടത്തിന്റെ ഭാഗമായി അനുവദിച്ചു നല്‍കിയിരിക്കുന്ന ബസ് സ്റ്റോപ്പില്‍ നിന്നും ഏറെ ദൂരെ മാററിയാണ് ബസ് നിര്‍ത്തുന്നത്. ജനമൈത്രി പോലീസ് സ്‌റേറഷന്‍ മുതല്‍ നഗരസഭ കാര്യാലയം വരെയുള്ള റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയററിയിറക്കുന്നത് പതിവു കാഴ്ചയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ പോലും നിയമങ്ങള്‍ തെററിക്കുമ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ നിയമലംഘനം അതിലേറെയാണ്. നിരവധി സ്വകാര്യ വാഹനങ്ങള്‍ റോഡിന് ഇരുവശങ്ങളിലായി പാര്‍ക്ക് ചെയ്യുന്നത് ബസ് കാത്ത് നില്‍ക്കുന്നവരുടെയും കാല്‍നട യാത്രക്കാരുടെയും യാത്രാ ക്ലേശം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും നിയമങ്ങള്‍ സംരക്ഷിക്കേണ്ട നിയമപാലകര്‍ തന്നെ ഇവയെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു.
തലയോലപ്പറമ്പ് ടൗണില്‍ പലപ്പോഴും ഗതാഗതപ്രശ്‌നങ്ങള്‍ പിടിവിട്ടുകൊണ്ടിരിക്കുകയാണ്. കെ.ആര്‍ ഓഡിറേറാറിയം മുതല്‍ പള്ളിക്കവല വരെയുള്ള റോഡിലെ യാത്ര അപകടം നിറഞ്ഞതാണ്. ഒരു ദിവസം നാല് അപകടങ്ങള്‍ എങ്കിലും ഇവിടെ നടക്കുന്നു. ഇരുചക്ര വാഹനങ്ങളും കാറുമാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. സ്‌ക്കൂള്‍ സമയങ്ങളില്‍ റോഡ് മുറിച്ചുകടക്കുക എന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് സാഹസികത നിറഞ്ഞ കാര്യമാണ്. കാല്‍നട യാത്രക്കാരുടെ അവസ്ഥയും ദുരിതപൂര്‍ണമാണ്. തലയോലപ്പറമ്പ് ബസ് സ്റ്റാന്റ് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. പള്ളിക്കവലയിലും സിലോണ്‍ കവലയിലും ജംഗ്ഷനിലുമെല്ലാം ഹോം ഗാര്‍ഡുകളെ ഗതാഗതനിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരെക്കൊണ്ടൊന്നും നിയന്ത്രിക്കാന്‍ പററുന്ന കാര്യങ്ങളല്ല ഇവിടെയുള്ളത്. പോലീസ് സ്‌റേറഷനുമുന്നില്‍ നടക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലും പോലീസുകാര്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതനിയന്ത്രണത്തിന് ഹോംഗാര്‍ഡിനൊപ്പം പോലീസും കളത്തിലിറങ്ങിയാല്‍ ഒരു പരിധിവരെ ഇതിനു പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരം കാണുവാന്‍ പോലീസും വാഹനവകുപ്പും കാര്യക്ഷമമായി ഇടപെടണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.