Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂരിലെ കര്‍ഷകരുടെ അവസ്ഥ എല്ലായിപ്പോഴും അവതാളത്തില്‍
29/10/2016

വൈക്കം: വെച്ചൂരിലെ കര്‍ഷകരുടെ അവസ്ഥ എല്ലായിപ്പോഴും പ്രകൃതിദുരന്തമോ മറെറന്തെങ്കിലും പ്രതികൂലസാഹചാര്യങ്ങള്‍ മൂലമോ അവതാളത്തിലാകുന്നു. നെല്‍കൃഷി വലിയ കുഴപ്പമില്ലാതെ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ നെല്ലെടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും നെല്ലെടുപ്പ് പൂര്‍ണ്ണമായും പാളിയിരിക്കുകയാണ്. കൃഷിവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം. വിഷയത്തില്‍ ഇനിയും ജില്ലാകളക്ടറുടെയും മന്ത്രിയുടെയും ഇടപെടലുകള്‍ വൈകിയാല്‍ കാര്യങ്ങളാകെ തകിടം മറിയും. വെച്ചൂരിലെ മൂവായിരത്തിലധികം ഏക്കര്‍ വരുന്ന പാടശേഖരങ്ങളില്‍ കൃഷി നടത്തുന്ന എഴുന്നൂറിലധികം കര്‍ഷകര്‍ ഇപ്പോള്‍ കൃഷിയില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ഒരുക്കത്തിലാണ്. വരുംനാളുകളില്‍ കൃഷി ഇറക്കേണ്ടെന്ന ദു:ഖകരമായ അവസ്ഥയിലേക്കാണ് പാടശേഖരസമിതികള്‍ പോലും പോകുന്നത്. വെച്ചൂര്‍, തലയാഴം, കല്ലറ, നീണ്ടൂര്‍, കുമരകം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുവാനും കാര്‍ഷിക രംഗത്തിന്റെ പുരോഗതി ഉറപ്പുവരുത്താനും തുടങ്ങിയ ഓയില്‍പാം ഇന്‍ഡ്യയുടെ മോഡേണ്‍ റൈസ് മില്ലുകൊണ്ട് കാര്യമായ ഒരു ഗുണവും ലഭിക്കുന്നില്ല. വിഷയത്തില്‍ കോണ്‍ഗ്രസ്, സി പി എം, ബി ജെ പി, സി പി ഐ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. പലരും മോഡേണ്‍ റൈസ് മില്ലിനുമുന്നില്‍ ഒന്നാംഘട്ട സമരപരിപാടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ ഇതൊന്നും കൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല. നെല്ലെടുക്കാമെന്നും മതിയായ വില നല്‍കുമെന്നും മോഡേണ്‍ റൈസ് മില്ലിന്റെ അധികാരികള്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല. ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തി പോരുന്നത്. കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഒരുമിച്ചു നിന്ന് പോരാടണം. വൈക്കത്തിന്റെ നെല്ലറയായ വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതേ അവസ്ഥ തന്നെയാണ് താറാവുകര്‍ഷകരിലേക്കും എത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ പടര്‍ന്നഴ പിടിച്ചിരിക്കുന്ന പക്ഷിപ്പനിയുടെ ദുരന്തവശങ്ങള്‍ വെച്ചൂരിലേക്ക് എത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ പലരും ആശങ്കയിലാണ്. താറാവിന്റെ മുട്ടയുടെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി മുട്ട വാങ്ങുന്നവരില്‍ പലരും നാടന്‍ കോഴിമുട്ടയും വൈററ് ലഗൂണ്‍ മുട്ടയും വാങ്ങി മടങ്ങുന്നു. താറാവിറച്ചിയുടെ ഡിമാന്റും ഇടിഞ്ഞിരിക്കുകയാണ്. കള്ളുഷാപ്പുകളിലെ ഇഷ്ട ഭക്ഷണമായ താറാവ് മപ്പാസ് രണ്ടു ദിവസമായി ചുരുങ്ങിയ തോതിലാണ് ചിലവാകുന്നത്. ഇതെല്ലാം കാണിക്കുന്നത് പക്ഷിപ്പനിയുടെ വരവാണ്. ദുരൂഹതകള്‍ മാറാതെ ഇനി ആരും താറാവിറച്ചിയോ മുട്ടയോ പതിവുപോലെ വാങ്ങുവാനുള്ള സാഹചര്യം വിദൂരമാണ്. ഇറച്ചിക്കോഴിയുടെ വിലയും ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.