Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ട് കായലിലൂടെയുള്ള വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസ് യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നു.
28/10/2016
വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന കാലപ്പഴക്കം ചെന്ന ബോട്ടുകള്‍.

വെക്കം: വേമ്പനാട്ട് കായലിലൂടെയുള്ള വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസ് യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. യാത്ര സുരക്ഷിതമല്ലാത്ത പലക ബോട്ടുകള്‍ ആണ് ഇപ്പോഴും ഇവിടെ സര്‍വീസ് നടത്തുന്നതെന്നുള്ള പരാതി വ്യാപകമാണ്. ഇവിടെ സര്‍വീസ് നടത്തിയിരുന്ന എ 89 എന്ന ബോട്ട് വെള്ളക്കേട് മൂലം സര്‍വീസ് നടത്താതെ ജെട്ടിയില്‍ കെട്ടിയിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. എ 87 എന്ന ബോട്ട് സിനിമ ഷൂട്ടിംഗിനിടയില്‍ ഷാഫ്‌ററ് ഒടിഞ്ഞ് പ്രൊപ്പല്ലര്‍ തകര്‍ന്ന് എഞ്ചിന്‍ പലക തകര്‍ത്തതിനെതുടര്‍ന്ന് എഞ്ചിന്‍ മുന്നോട്ട് തള്ളിയതുമൂലം സര്‍വീസ് നടത്താനാകാതെ വന്ന ബോട്ടും വൈക്കത്ത് എത്തിച്ചു. ഈ ബോട്ട് കരക്കുകയററി പരിശോധന നടത്തി ട്രാഫിക് സൂപ്രണ്ട് അനുമതി നല്‍കിയാല്‍ മാത്രമെ ഈ ബോട്ട് ഓടിയ്ക്കാന്‍ പററുകയുള്ളൂ. എന്നാല്‍ ഈ ബോട്ട് ഓടിക്കുന്നതിനായി അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എറണാകുളം ജില്ലയില്‍ പലക അടിച്ച ബോട്ട് ഓടിയ്ക്കാന്‍ പാടില്ല എന്നതുകൊണ്ട് അവിടുത്തെ പഴകിയതും തകര്‍ന്നതും വെള്ളച്ചോര്‍ച്ചയും ഉള്ള ബോട്ടുകള്‍ ആണ് വൈക്കത്തേക്ക് പറഞ്ഞുവിടുന്നതെന്ന് ആക്ഷേപമുണ്ട്. ഇവിടെ ഉണ്ടായിരുന്ന മൂന്ന് സ്റ്റീല്‍ ബോട്ടുകള്‍ എറണാകുളത്തേക്ക് മാററപ്പെടുകയും ചെയ്തു. മഴക്കാലത്ത് ജീവനക്കാര്‍ വെള്ളം അകത്തുനിന്ന് കോരിയശേഷം വേണം സര്‍വീസ് നടത്താന്‍. വൈക്കത്തെ മൂന്ന് ബോട്ടുകളില്‍ 1.70 ലക്ഷം രൂപ മുടക്കി മൂന്ന് യൂറോപ്യന്‍ ക്ലോസ്സററ് നിര്‍മിച്ചു. സര്‍വീസ് നടത്താത്ത ബോട്ടിനുവരെ ഈ സംവിധാനം സ്ഥാപിച്ചു. സംവിധാനത്തിലെ അപാകതമൂലം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്. അധികാരികളുടെ വികലമായ കാഴ്ചപ്പാടുകള്‍ ബോട്ട് സര്‍വീസിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ മാത്രമെ ഉപകരിക്കൂ. യാര്‍ഡില്‍ കയററി ബോട്ട് പണിതശേഷമെ ബോട്ട് ഓടിക്കാവൂ എന്ന് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ജീവനക്കാരെ ഈ തകര്‍ന്ന ബോട്ടുകള്‍ ഓടിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിക്കുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന ഈ ജെട്ടിയില്‍ രണ്ട് ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പ്രതിഷേധം ശക്തമായപ്പോള്‍ ഇന്നലെ ഒരു ബോട്ടുകൂടി എത്തി. എന്നാല്‍ കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ വരുമാന ലഭ്യതയില്‍ ഒന്നാമത് നില്‍ക്കുന്ന വൈക്കം ഫെറി നേരിടുന്ന പ്രതിസന്ധികള്‍ കാലങ്ങളായി തുടരുകയാണ്. ഓണക്കാലത്ത് ഓണസമ്മാനമായി വൈക്കത്തിന് പുതിയ ബോട്ട് അനുവദിക്കുമെന്ന് ജലഗതാഗത വകുപ്പിന്റെ പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതൊന്നും നടപ്പിലായില്ല. കേരളം ഇരുമുന്നണികളും മാറിഭരിക്കുമ്പോഴും സത്യഗ്രഹ സ്മരണകള്‍ ഇരമ്പുന്ന നാട്ടിലെ ഫെറിയുടെ അവസ്ഥ എപ്പോഴും ഒരുപോലെ തന്നെയാണ്. ഗാന്ധിജിയും ശ്രീനാരായണഗുരുവുമെല്ലാം എത്തിയ വൈക്കം ബോട്ട്‌ജെട്ടി സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവും അധികാരികള്‍ മുഖവിലക്കെടുക്കുന്നില്ല. ഇങ്ങനെ ജെട്ടി നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ഏറെയാണ്.