Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെക്കുംകോവില്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയാകുന്നു
28/10/2016

വൈക്കം: തെക്കുംകോവില്‍ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയ്ക്ക് ആവശ്യമായ ദാരു ശില്‍പത്തിനു വേണ്ടിയുള്ള മര ആചാരപൂര്‍വം മുറിച്ചെടുത്തു. വൃക്ഷം മുറിക്കുന്നതിനുമുന്‍പ് തന്ത്രിമാരായ മററപ്പള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ വൃക്ഷപൂജ നടത്തി. പിന്നീട് ദാരുശില്‍പം നിര്‍മിക്കുന്നതിനായി ശില്‍പി വടക്കന്‍ പറവൂര്‍ സ്വദേശി രാധാകൃഷ്ണനെ ഏല്‍പിച്ചു. അടുത്തദിവസം തന്നെ ആഘോഷപൂര്‍വം തടി വൈക്കത്ത് എത്തിക്കും. പിന്നീട് രണ്ടുമാസം വലിയുന്നതിനുവേണ്ടി കാത്തിരിക്കണം. തുടര്‍ന്ന് രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കും. പുറത്തുള്ളവര്‍ കാണാതിരിക്കുന്നതിനുവേണ്ടി പ്രത്യേക മറയുണ്ടാക്കി അതിലാണ് ദാരു ശില്‍പം നിര്‍മിക്കുന്നത്. കുറവിലങ്ങാട് കോഴയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ വരിക്കപ്ലാവ് 70000 രൂപ കൊടുത്താണ് ദാരു ശില്‍പം നിര്‍മിക്കുന്നതിനായി വാങ്ങിയത്. ഇതിന് 100 ഇഞ്ച് വണ്ണമുണ്ട്. ഇതിനോടനുബന്ധിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിലും അനുബന്ധ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജ നടത്തി. വൈക്കം ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള തെക്കുംകോവില്‍ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠിക്കുന്നതിന് 1.60 ലക്ഷം രൂപയാണ് ചെലവിടുന്നത്. ക്ഷേത്രത്തിന്റെ പണികള്‍ പൂര്‍ത്തിയായെങ്കിലും താഴികക്കുടവും ദാരു ശില്‍പത്തിന്റെ പണിയും പൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ ബാലാലയ പ്രതിഷ്ഠയാണ്. യുദ്ധം കഴിഞ്ഞ് രൗദ്രഭാവത്തില്‍ നില്‍ക്കുന്ന ഭദ്രകാളിയുടെ രൂപമാണ് ഇവിടുത്തെ സങ്കല്‍പം. വേതാളകുണ്ഠസ്ഥിതിയിലായിരിക്കുന്ന രൂപത്തില്‍ നാലുബാഹുക്കളോടു കൂടിയ സങ്കല്‍പത്തിലാണ് ദേവിയുടെ ധ്യാനം. ഈ രീതിയിലാണ് ദാരു ശില്‍പം നിര്‍മിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേത്രോപദേശകസമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഡപ്യൂട്ടി കമ്മീഷണര്‍ വി.ഹരീന്ദ്രനാഥ്, അസി. കമ്മീഷണര്‍ ബേബി ശശികല, അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ആര്‍.മുരളീധരന്‍ നായര്‍, കീഴൂര്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വി.ബി രാജീവ്കുമാര്‍, ഉപദേശസമിതി ഭാരവാഹികളായ പി.അമ്മിണിക്കുട്ടന്‍, പി.എം സന്തോഷ്‌കുമാര്‍, ഗിരിധര്‍, മോഹനന്‍, നീലാംബരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.