Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രകലകളുടെ കിരീടനിര്‍മാണത്തില്‍ കരുണാകരന് അഭിനിവേശം
27/10/2016
ക്ഷേത്രകലകളുടെ കിരീടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രഹ്മമംഗലം ഏറംകുളത്തുവീട്ടില്‍ കരുണാകരന്‍.

തലയോലപ്പറമ്പ്: ക്ഷേത്രകലകളോടുള്ള അഭിനിവേശം കരുണാകരനെ നാട്ടിലെ താരമാക്കിയിരിക്കുകയാണ്. ബ്രഹ്മമംഗലം ഏറംകുളത്തുവീട്ടില്‍ കരുണാകരന്‍ കഥകളി, ഗരുഡന്‍തൂക്കം എന്നീ കലകളുടെ കിരീടനിര്‍മാണത്തിലൂടെ ശ്രദ്ധേയനായിട്ട് കാലങ്ങളേറെയായി. പതിനൊന്നാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ക്ഷേത്രകല പരിശീലനം. അദ്യം അഭ്യസിച്ചത് ചെണ്ട വാദ്യമായിരുന്നു. 19 വയസ്സായപ്പോള്‍ സ്വന്തമായി ചെണ്ടമേള സെററുണ്ടാക്കി ക്ഷേത്രപറമ്പുകളില്‍ വിസ്മയം തീര്‍ത്തു. ഇതിനിടെ കഥകളി മേളം അഭ്യസിച്ചു. കലാമണ്ഡലം രവി, വാരനാട് പത്മനാഭപണിക്കര്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. ഒട്ടേറെ വേദികളില്‍ കഥകളിക്ക് ചെണ്ടകൊട്ടി അരങ്ങുകൊഴുപ്പിക്കുവാന്‍ കരുണാകരന് കഴിഞ്ഞിട്ടുണ്ട്. ക്ഷേത്രകലകളോടുള്ള ബഹുമാനവും സ്‌നേഹവും ഏറിവന്ന കരുണാകരന്‍ പിന്നീട് പഠിച്ചത് മദ്ദളമായിരുന്നു. വൈക്കം ക്ഷേത്രകലാപീഠത്തിലെ പത്മകുമാറില്‍ നിന്ന് മദ്ദളത്തിന്റെ താളം വശത്താക്കിയതോടെ പ്രശസ്ത വാദ്യകലാകാരന്‍ തേരൊഴി രാമകുറുപ്പിന്റെ കീഴില്‍ പഞ്ചവാദ്യം ഗരുഡന്‍തൂക്കം എന്നീ കലകളില്‍ മദ്ദളം വായിക്കാന്‍ അവസരം ലഭിച്ചു. അറുപത്തിനാല് വയസ്സിലെത്തി നില്‍ക്കുന്ന കരുണാകരന് ഏകദേശം മുന്നൂറോളം ശിഷ്യഗണങ്ങളുണ്ട്. എട്ട് വര്‍ഷത്തോളം ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ കേളികൊട്ട് അവതരിപ്പിച്ചിരുന്നു. ക്ഷേത്രകലയ്ക്കാവശ്യമായ സാമഗ്രികളുടെ നിര്‍മാണത്തിലൂടെയാണ് നാട് പിന്നീട് കരുണാകരനെ അറിയാന്‍ തുടങ്ങിയത്. കഥകളി, ഗരുഡന്‍തൂക്കം എന്നിവയ്ക്കുള്ള കിരീടം, കൊക്ക്, തോട, ചെവിപ്പൂവ് എന്നിവയാണ് ഇദ്ദേഹത്തിന്റെ കരവിരുതില്‍ വിരിയുന്നത്. ഇതിനുമാത്രം ഗുരുക്കന്‍മാരില്ല. എല്ലാം കണ്ടുനിന്നു പഠിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയ്യില്‍ കിട്ടിയ കിരീടം അഴിച്ച് പുനര്‍നിര്‍മിച്ചതോടെയാണ് ഇതിന്റെ വിരുതില്‍ കരുണാകരന്‍ മിടുക്കനാവുന്നത്. പിന്നീട് കലകള്‍ നിര്‍ത്തി നിര്‍മാണത്തില്‍ ശ്രദ്ധയൂന്നി. ഒതളം, ഇലവ് തുടങ്ങിയ പാഴ്ത്തടിയിലാണ് കിരീടത്തിന്റെ രൂപകല്‍പന. ഇതില്‍ പട്ടുതുണി, മയില്‍പീലി, മുത്ത്, കണ്ണാടിച്ചില്ല്, വര്‍ണക്കടലാസ് എന്നിവ കൊണ്ട് അലങ്കരിച്ചാല്‍ മനോഹരമായ കിരീടം പൂര്‍ണമാകും. കിരീടങ്ങളും ചമയങ്ങളും ആവശ്യപ്പെട്ട് കരുണാകരനെ തേടി നിരവധി ആളുകളാണ് ഇന്നുമെത്തുന്നത്. എത്തുന്നവരെയാരെയും നിരാശരാക്കി മടക്കി അയക്കാന്‍ പ്രായത്തിന്റെ വെല്ലുവിളികളിലും കരുണാകരന്‍ തയ്യാറായിട്ടില്ല.