Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടശ്ശേരി ഗ്രാമത്തിന്റെ മുഴുവന്‍ ആദരവും ഏററുവാങ്ങി സി.ആര്‍.പി.എഫ് ജവാന്‍ രതീഷ് യാത്രയായി.
27/10/2016
സി.ആര്‍.പി.എഫ് ജവാന്‍ രതീഷിന്റെ മൃതദേഹം വൈക്കം ആശ്രമം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് റീത്ത് സമര്‍പ്പിക്കുന്നു

വൈക്കം: പട്ടശ്ശേരി ഗ്രാമത്തിന്റെ മുഴുവന്‍ ആദരവും ഏററുവാങ്ങി സി.ആര്‍.പി.എഫ് ജവാന്‍ രതീഷ് യാത്രയായി. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.ആര്‍.പി.എഫില്‍ ജോലി കിട്ടി രതീഷ് പോകുമ്പോള്‍ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ആ ചുമലിലായിരുന്നു. വാഹനാപകടത്തില്‍ പരുക്കേററ് ചികിത്സയില്‍ കഴിയുന്ന പിതാവിനും ക്യാന്‍സര്‍ രോഗിയായ സഹോദരിക്കും നിത്യവൃത്തിക്ക് രതീഷായിരുന്നു ആശ്രയം. രാജ്യത്തെ അതിരുകവിഞ്ഞു സ്‌നേഹിച്ച രതീഷ് തനിക്കുപിറന്ന പെണ്‍കുട്ടിക്കും ആ സ്‌നേഹവാത്സല്യം നല്‍കുവാന്‍ മറന്നില്ല. കുട്ടിക്ക് നല്‍കിയ പേര് കാശ്മീര എന്നായിരുന്നു. ഓണത്തോടനുബന്ധിച്ചായിരുന്നു കുട്ടിയുടെ ഇരുപത്തിയെട്ട് കെട്ട്. മലേറിയയും മഞ്ഞപ്പിത്തവും ബാധിച്ചപ്പോഴും ഒരിക്കലും തങ്ങളുടെ പ്രിയപ്പെട്ട രതീഷിന്റെ ജീവന്‍ കവര്‍ന്നെടുക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. ചാലപ്പറമ്പ് വിവേകാനന്ദ സ്‌ക്കൂളിലെ അധ്യാപികയായ ഭാര്യ ഗ്രീഷ്മയോട് ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്ന് മരണം സംഭവിക്കുന്നതിനുമുന്‍പ് രതീഷ് അറിയിച്ചിരുന്നു. നെടുമ്പാശ്ശേരിയിലെത്തിച്ച രതീഷിന്റെ മൃതദേഹം ആദ്യം മാതൃവിദ്യാലയമായ ആശ്രമം സ്‌ക്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളാണ് പ്രിയപ്പെട്ടവനെ കാണാന്‍ അക്ഷരമുററത്തേക്ക് ഒഴുകിയെത്തിയത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. തുടര്‍ന്ന് വീട്ടുമുററത്തെത്തിച്ച രതീഷിന്റെ ചേതനയററ ശരീരം അവസാനമായി ഒരുനോക്കു കാണാന്‍ വന്‍ജനാവലിയാണ് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍, അംഗങ്ങളായ സെബാസ്റ്റ്യന്‍ ആന്റണി, ടി.അനില്‍കുമാര്‍, തുടങ്ങിയവര്‍ എത്തി. തുടര്‍ന്ന് പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.