Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തും തലയോലപ്പറമ്പിലും കള്ളനോട്ടുകള്‍ വ്യാപകം
26/10/2016
കഴിഞ്ഞദിവസം തലയോലപ്പറമ്പില്‍ നിന്നും കണ്ടെത്തിയ ആയിരം രൂപയുടെ കള്ളനോട്ടുകള്‍.

വൈക്കം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി വൈക്കവും തലയോലപ്പറമ്പും വിറക്കുകയാണ്. ആദ്യം കൊലപാതകമാണ് വെടിപൊട്ടിച്ചതെങ്കില്‍ അതിനെ വെല്ലുന്നരീതിയില്‍ കള്ളനോട്ടുമെത്തി. രണ്ട് കാര്യങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയുധമാക്കി രസിക്കുമ്പോള്‍ ഇവിടെയെല്ലാം ചില കള്ളത്തരങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. തലയോലപ്പറമ്പിനെ വിറപ്പിക്കുന്ന കള്ളനോട്ടുകളെക്കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പുതന്നെ പരാതി ഉയര്‍ന്നെങ്കിലും ഇതൊന്നും ഗൗനിക്കാന്‍ പോലീസ് കാണിച്ച അനാസ്ഥയാണ് കാര്യങ്ങളെ ഇത്രയധികം തകിടം മറിച്ചത്. വെട്ടിക്കാട്ട്മുക്ക്, വടകര, തലയോലപ്പറമ്പ്, ഇറുമ്പയം, പെരുവ ഭാഗങ്ങളില്‍ കള്ളനോട്ടുകള്‍ വ്യാപകമായിരുന്നു. സംഭവത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയെ വെള്ളൂര്‍ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ തുടര്‍നടപടികളിലെ പാളിച്ചകളാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ പ്രധാനകാരണം. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ വ്യാപകമായി മാഫിയ പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറക്കി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒട്ടനവധി കച്ചവട സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരം. ഇതിനെല്ലാം കടയുടമകളുടെ മൗനാനുവാദവുമുണ്ട്. കഴിഞ്ഞദിവസം പാലാംകടവില്‍ കണ്ടെത്തിയ കള്ളനോട്ടുകളുടെ ഉറവിടകേന്ദ്രം വാഹനങ്ങള്‍ക്ക് നമ്പര്‍ ഒട്ടിക്കുന്ന കടയാണ്. എന്നാല്‍ ഇവിടെ ഇതുപോലെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്ന വിവരം നാട്ടിലെ ഒരാള്‍ക്കുപോലും അറിയില്ല. കള്ളനോട്ട് കേസില്‍ നിരവധി തവണ കുടുങ്ങിയ ആളാണ് ഇവിടെ ഈ സ്ഥാപനം നടത്തിപ്പോന്നത്. കച്ചവടസ്ഥാപനങ്ങള്‍ക്കും വാടകമുറികള്‍ക്കും അനുവാദം നല്‍കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളൊന്നും തന്നെ പോലീസും പഞ്ചായത്തും പാലിക്കുന്നില്ലെന്ന വസ്തുതയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ പുറത്തുവന്നിരിക്കുന്നത്. ഇനിയും ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായില്ലെങ്കില്‍ വൈക്കവും തലയോലപ്പറമ്പും മാഫിയകളുടെ ഈററില്ലമായി മാറിയേക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണല്‍, ഇഷ്ടിക, മണ്ണ് മാഫിയകള്‍ കൈയ്യടക്കിവെച്ചിരിക്കുന്ന സാമ്രാജ്യം ഇപ്പോള്‍ അതിനെ വെല്ലുന്ന ക്രിമിനല്‍ മാഫിയകളുടെ കൈപ്പിടിയിലായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് കള്ളനോട്ടുകള്‍ കള്ളനോട്ടുകള്‍ തലയോലപ്പറമ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. മാര്‍ക്കററ്, പമ്പുകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഇത് ഒഴുക്കിയിരുന്നത്. സാധാരണക്കാരില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തുമ്പോള്‍ അവര്‍ ഭയന്നുവിറച്ച് ഇത് കീറിക്കളയുകയോ കത്തിക്കുകയോ ചെയ്യുന്നു. തലയോലപ്പറമ്പില്‍ പലതരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സംഘങ്ങള്‍ ഇപ്പോഴും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കുടുക്കുവാന്‍ പോലീസ് ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ രഹസ്യനീക്കങ്ങള്‍ നടത്തണം. അല്ലാത്തപക്ഷം ഇവര്‍ ഒരുപിടി യുവാക്കളെ പലതരത്തിലുള്ള ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചേക്കും. ഇതിനുവേണ്ടി രാഷ്ട്രീയം മറന്ന് കൂട്ടായ്മകള്‍ രൂപപ്പെടണം. അല്ലാതെ പരസ്പരം രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ പോര്‍വിളികള്‍ മുഴക്കുന്നത് ഗുഢശക്തികള്‍ക്ക് സഹായകരമാകാനേ ഉപകരിക്കൂ.