Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിന്റെ ജലസ്രോതസ്സായ പുല്ലാന്തിയാറിന് രക്ഷയൊരുങ്ങുന്നു
24/10/2016
അനധികൃത കയ്യേററവും നീരൊഴുക്ക് നിലച്ചതുംമൂലം നാശോന്മുഖമായ ചെമ്പ് പഞ്ചായത്തിലെ പുല്ലാന്തിയാര്‍.

തലയോലപ്പറമ്പ്: ഒരു നാടിന്റെ കാര്‍ഷികസംസ്‌കൃതിയുടെ പ്രതീകമായിരുന്ന പുല്ലാന്തിയാറിനെ സംരക്ഷിക്കാന്‍ നാടൊരുമിക്കുന്നു. അനധികൃത കയ്യേററവും നീരൊഴുക്ക് നിലച്ചതുംമൂലം നാശത്തിന്റെ വക്കിലായ മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുഴ സംരക്ഷിക്കുന്നതിനുള്ള ആദ്യചുവടുവെയ്പ്പ് എന്ന നിലയില്‍ കല്ലുകുത്താംകടവിനുസമീപം പുല്ലാന്തിയാര്‍ സംരക്ഷണ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഏറെ ശുദ്ധജലസമ്പന്നമായിരുന്ന പുല്ലാന്തിയാര്‍ ഒരു കാലത്ത് ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെയും വിവിധതരം തൊഴിലുകളുടെയും കൃഷിയുടെയും കേന്ദ്രമായിരുന്നു. മൂവാററുപുഴയാററില്‍ നിന്നുള്ള നീരൊഴുക്കായിരുന്നു പുഴയുടെ ജീവനാഡി. എന്നാല്‍ ചെമ്പ് പഞ്ചായത്തിനെയും വെള്ളൂര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കൊല്ലേലി മുതല്‍ പുഴവേലി വരെയുള്ള കൊല്ലേലി തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും പല്ലാന്തിയാറിലേക്ക് വെള്ളമെത്താതിരിക്കുകയും ചെയ്തത് പുഴയുടെ നശീകരണത്തിന് കാരണമായി. പോളയും പായലും തിങ്ങിനിറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കുന്നതിനോ കര്‍ഷകര്‍ക്കും ഇതര തൊഴിലാളികള്‍ക്കും മററ് പണികള്‍ക്കോ പുഴയിലൂടെ വേമ്പനാട്ട് കായലിലേക്ക് വള്ളങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാതായി. പുഴ നാശാന്മുഖമായത് നാടിന്റെ കാര്‍ഷികസംസ്‌കൃതിയെ തന്നെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ കിസാന്‍ സഭ ബ്രഹ്മമംഗലം മേഖലാ കമ്മിററിയുടെ നേതൃത്വത്തില്‍ പുല്ലാന്തിയാര്‍ സംരക്ഷണ ജനകീയ കൂട്ടായ്മ നടത്തുന്നത്. ഒരു കാലഘട്ടത്തില്‍ പ്രതാപത്തോടെ നിന്നിരുന്ന പുഴയിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതരത്തില്‍ പുല്ലാന്തിയാറിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.