Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിളവെടുപ്പ് മഹോത്സവ ഉദ്ഘാടനം 24ന്
21/10/2016

വൈക്കം: വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിളവെടുപ്പ് മഹോത്സവ ഉദ്ഘാടനം 24ന് രാവിലെ 11.15ന് വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ മാണി എം പി നിര്‍വ്വഹിക്കും. ആറുവര്‍ഷമായി വൈക്കം കൃഷിഭവന്റെ മേല്‍നോട്ടത്തിലാണ് സ്‌കൂളില്‍ മികച്ച രീതിയില്‍ ജൈവപച്ചക്കറിത്തോട്ടം തയ്യാറാക്കി വരുന്നത്. കഴിഞ്ഞവര്‍ഷം കോട്ടയം ജില്ലയിലെ ഏറ്റവും നല്ല സ്‌കൂള്‍ വെജിറ്റബിള്‍ ഗാര്‍ഡനുള്ള കൃഷിവകുപ്പിന്റെ അവാര്‍ഡിന് സ്‌കൂള്‍ അര്‍ഹമായത് വളരെ അഭിമാനകരമായ നേട്ടമാണ്. സ്വന്തം തോട്ടത്തില്‍ നിന്നുള്ള വിഷരഹിതമായ പച്ചക്കറികളുപയോഗിച്ച് കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് കറിക്കൂട്ടുകള്‍ തയ്യാറാക്കാന്‍ കഴിയുന്നുവെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. നൂതന ശാസ്ത്രീയ മാര്‍ഗങ്ങളവലംബിച്ചാണ് ഈ വര്‍ഷം തോട്ടം തയ്യാറാക്കിയിരിക്കുന്നത്. വൈക്കം കൃഷിഭവന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് ഇന്‍സ്റ്റിററ്യൂഷണല്‍ കള്‍ട്ടിവേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വിപുലമായ രീതിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സ്‌കൂളിന് സാധിച്ചത്. കൃഷി ഓഫീസര്‍മാരായ പി എസ് സലിമോന്‍, മെയ്‌സണ്‍ മുരളി എന്നിവരുടെ വിദഗ്ദ്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുന്നുണ്ട്. സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിലെ 50 കുട്ടികളുടെ മാസങ്ങള്‍ നീണ്ട കഠിന പരിശ്രമമാണ് ശ്രദ്ധാര്‍ഹമായ നേട്ടത്തിലേയ്ക്ക് സ്‌കൂളിനെ എത്തിച്ചത്. മണ്ണൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെ തോട്ടത്തിന്റെ സ്‌കെച്ചും പ്ലാനും തയ്യാറാക്കല്‍ മുതല്‍ വരവ് ചെലവ് കണക്കു സൂക്ഷിക്കല്‍ വരെ പഠനപ്രക്രിയയുമായി ബന്ധപ്പെടുത്തി കുട്ടികള്‍ തന്നെയാണ് ഈ തോട്ടത്തിന് ചുക്കാന്‍ പിടിച്ചത്. പ്ലാസ്റ്റിക്ക് മുള്‍ചിങ്ങ് എന്ന നൂതന കൃഷിരീതിക്ക് വേണ്ട ചെലവേറിയ ഡ്രിപ്പ് ഇറിഗേഷന്‍ നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടനുഭവപ്പെട്ടുവെങ്കിലും അതിനെ മറികടക്കാന്‍ തികച്ചും പ്രകൃതി സൗഹൃദമാര്‍ഗമാണ് കുട്ടികള്‍ കണ്ടെത്തിയത്. പാഴായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് ചുവട്ടില്‍ ദ്വാരമിട്ട് വെള്ളം നിറച്ച് ദിവസേന ഓരോചെടിക്കും നല്‍കുന്ന തനതായ ശൈലിയാണ് അവര്‍ സ്വീകരിച്ചത്. കൃത്യമായി വെള്ളവും വളവും നല്‍കുന്ന പ്രിസിഷന്‍ ഫാമിങ്ങ് ശൈലിയാണിത്. കുട്ടികള്‍ ദിവസേന വീടുകളില്‍ നിന്നു കൊണ്ടു വരുന്ന ഗോമൂത്രവും ചാണകവുമാണ് ഇത്രയേറെ വിളവുകള്‍ നേടാന്‍ സഹായകമായത്. പന്തലിടാനുള്ളപത്തല്‍ ശേഖരിക്കല്‍, പന്തല്‍ നിര്‍മ്മാണം, ജൈവവളം നിര്‍മ്മാണം, ജൈവകീടനാശിനി തയ്യാറാക്കല്‍ എന്നിവയില്‍ അദ്ധ്യാപകര്‍ക്കൊപ്പം കുട്ടികളും വിദഗ്ദ്ധരായി കഴിഞ്ഞു. സ്‌കൂള്‍ത്തോട്ടം നിര്‍മ്മിക്കുന്നതോടൊപ്പം അതില്‍ നിന്നു പ്രചോദമുള്‍ക്കൊണ്ട് സ്വന്തം വീടകളിലും അടുക്കളത്തോട്ടം നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഒട്ടും ഫലപുഷ്ടിയില്ലാത്ത മണ്ണും പ്രതികൂലകാലാവസ്ഥയും ജലദൗര്‍ലഭ്യവും ഉയര്‍ത്തിയെ വെല്ലുവിളിയെ അതിജീവിച്ചാണ് വൈക്കം വെസ്റ്റിലെ കുരുന്നുകള്‍ അത്ഭുതപൂര്‍വ്വമായ ഈ വിളവ് നേടിയെടുത്തിട്ടുള്ളത്. സ്‌കൂള്‍ അധികൃതരുടെയും പി ററി എയുടെയും പൂര്‍ണ്ണമായ സഹകരണമാണ് ഈ നേട്ടത്തിനു പിന്നിലുള്ളത്. സ്‌കൂളിലെ പഠനപ്രവര്‍ത്തനങ്ങളോടൊപ്പമുള്ള ഈ തനതുപ്രവര്‍ത്തനത്തില്‍ ശക്തമായ പിന്തുണയുമായി വൈക്കം മുന്‍സിപ്പാലിററിയും നാട്ടുകാരും രംഗത്തുണ്ട്. കൃഷി ഒരു സംസ്‌ക്കാരവും ജീവിതശൈലിയുമായി മാററിയെടുത്തു കഴിഞ്ഞു വിഷാംശമില്ലാത്ത മനസ്സുമായി ഈ കുരുന്നുകള്‍.