Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷിയില്‍ ചരിത്രമെഴുതി ഉദയനാപുരം ഗ്രാമപഞ്ചായത്ത്
21/10/2016
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമന കൊടിയാടിനുസമീപം നിറഞ്ഞുനില്‍ക്കുന്ന കരനെല്‍കൃഷി.

വൈക്കം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കരനെല്‍കൃഷിയില്‍ പുതിയ വിജയഗാഥ രചിക്കുകയാണ് ഉദയനാപുരം ഗ്രാമപഞ്ചായത്ത്. പന്ത്രണ്ടര ഏക്കര്‍ സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലും ഇതിന്റെ ഇരട്ടിയോളം സ്ഥലത്ത് സ്വകാര്യവ്യക്തികള്‍ സ്വന്തം നിലയിലും കരനെല്‍കൃഷി ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. കാലാവസ്ഥ കനിഞ്ഞതും വിത്തിന്റെ ഗുണനിലവാരവുമാണ് കൃഷിയെ ഇത്രയധികം വിജയത്തിലെത്തിക്കുവാനുള്ള പ്രധാനകാരണം. പഞ്ചായത്തിലെ കൊടിയാട് റോഡിനോടുചേര്‍ന്ന് നില്‍ക്കുന്ന ഭൂമിയിലെ കരനെല്‍കൃഷി ആരെയും ആകര്‍ഷിപ്പിക്കുന്നതാണ്. പച്ചപ്പോടെ നെല്ല് കുലച്ചുനില്‍ക്കുകയാണ്. ഇതുപോലെ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നല്ല രീതിയില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലക്ഷങ്ങള്‍ പാഴാക്കുന്ന മററ് പഞ്ചായത്തുകള്‍ കരനെല്‍കൃഷിക്ക് മുന്‍തൂക്കം നല്‍കിയാല്‍ വലിയ മുന്നേററമുണ്ടാക്കാന്‍ സാധിക്കും. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൊഴിലുറപ്പ് പദ്ധതിക്ക് ഉദയനാപുരം ഗ്രാമപഞ്ചായത്ത് കരനെല്‍കൃഷിയിലൂടെ ഒരുനേര്‍ക്കാഴ്ച രചിച്ചിരിക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ കരനെല്‍കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഇതിലേറെ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി പറയുന്നു. പഞ്ചായത്ത് കരനെല്‍കൃഷി ആരംഭിക്കുന്ന സ്ഥലങ്ങളില്‍ കൃഷിക്ക് പ്രാരംഭനടപടികള്‍ ഒരുക്കിക്കൊടുക്കുകയും ഇതിനുശേഷം കൃഷിഭവന്‍ വിത്തും വളവും നല്‍കുകയും ചെയ്യുന്നു. കൃഷി ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പഞ്ചായത്തും കൃഷിഭവനും നല്‍കുമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കുന്നു.