Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കെ.ടി.ഡി.സി ഇന്നും കാലം മാറിയതറിയാതെയുള്ള അവസ്ഥയില്‍
20/10/2016
വേമ്പനാട്ടു കായല്‍ തീരത്തുള്ള വൈക്കത്തെ കെ.ടി.ഡി.സി കെട്ടിടം.

വൈക്കം: ടൂറിസത്തിന്റെ എല്ലാ സാധ്യതകളും നിറഞ്ഞു വേമ്പനാട്ടുകായലിന്റെ തീരത്ത് നിലകൊള്ളുന്ന വൈക്കത്തെ കെ.ടി.ഡി.സി ഇന്നും കാലം മാറിയതറിയാതെയുള്ള അവസ്ഥയിലാണ്. യു.ഡി.എഫും എല്‍.ഡി.എഫും കാലങ്ങളായി നഗരസഭയും സംസ്ഥാനവും ഭരിച്ചിട്ടും ഒരു മാററവും ഇവിടെ ഉണ്ടായിട്ടില്ല. ഇതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നു ചോദിച്ചാല്‍ പലരും തലയില്‍ കൈവെച്ച് മറയുന്നു. കരമാര്‍ഗവും കായല്‍ മാര്‍ഗവും വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയുന്ന കേരളത്തിലെ അപൂര്‍വം ചില കെ.ടി.ഡി.സികളില്‍ ഒന്നാണിത്. എന്നാല്‍ ഇവിടെ മാത്രം ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കുവാന്‍ ഇതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് കഴിയുന്നില്ല. ടൂറിസ്റ്റുകളെ അടിസ്ഥാനമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ച് നാട്ടിലുള്ളവരെക്കൂടി ഇങ്ങോട്ട് ആകര്‍ഷിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ വൈക്കത്തിന്റെ മുഖഛായക്കുതന്നെ മാററമുണ്ടാക്കുവാന്‍ സാധിക്കും. കാലങ്ങളായി ഇവിടെയെത്തുന്ന ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇവിടുത്തെ സാഹചര്യം കെ.ടി.ഡി.സിയുടെ തലപ്പത്തിരിക്കുന്നവരെ ബോധിപ്പിക്കാന്‍ കഴിയാതെ വരുന്നതാണ് പ്രധാനപോരായ്മ. ഇപ്പോള്‍ ഇവിടെ നടക്കുന്നത് പ്രധാനമായും ബിയര്‍ വില്‍പന മാത്രമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടെങ്കിലും ഇതെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും മേലെയാണ്. അമിത വിലയാണ് ഭക്ഷ്യവസ്തുക്കള്‍ക്കെങ്കിലും അതിനനുസരിച്ചുള്ള ഗുണനിലവാരം ഒന്നിനുമില്ലെന്ന് ഇവിടെയെത്തുന്നവര്‍ അടിവരയിടുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന പരിസരം വൃത്തിയാക്കി സാധാരണക്കാരെ ആകര്‍ഷിക്കത്തക്ക രീതിയില്‍ ചെറിയ കുടിലുകള്‍ കെട്ടി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം. ഇതിനെല്ലാം സാധിച്ചാല്‍ കേരളത്തിലെ ഏററവും മികച്ച കെ.ടി.ഡി.സി കേന്ദ്രമായി ഇതുമാറും. എന്നാല്‍ ഇതിനൊന്നും സമ്മര്‍ദ്ദം ചെലുത്തുവാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നിട്ടിറങ്ങുന്നില്ല. വേമ്പനാട്ടുകായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സര്‍ക്കാരിന്റെ പ്രധാന സംരംഭങ്ങളായ കെ.ടി.ഡി.സിയുടെയും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെയും അവസ്ഥ നാളുകള്‍ പിന്നിടുന്തോറും ദയനീയമായിക്കൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പേരില്‍ വൈക്കത്ത് വലിയ ടൂറിസം പദ്ധതികള്‍ വരുന്നുണ്ടെന്നു പറഞ്ഞ് വീമ്പിളക്കി നടക്കുന്നവര്‍ ഇതുപോലുള്ള നേര്‍ക്കാഴ്ചകളെ കണ്ടില്ലെന്നു നടിക്കരുത്. നഗരത്തിന് ശാപമായി കിടക്കുന്ന ബീച്ചിലെ ടൂറിസം പദ്ധതികള്‍ പൂര്‍ത്തിയാക്കി കെ.ടി.ഡി.സിയെയും റെസ്റ്റ് ഹൗസിനെയുമെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ വികസനമുരടിപ്പില്‍ വീര്‍പ്പുമുട്ടുന്ന വൈക്കത്തിന് ഒരു ആശ്വാസമാവാന്‍ കഴിയും. എം.എല്‍.എ, നഗരസഭ എന്നിവര്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ മുന്‍കയ്യെടുക്കണമെന്നതാണ് നാടിന്റെ ആവശ്യം.