Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യനായകന്‍മാരുടെ രാഷ്ട്രീയനിലപാട് പാര്‍ട്ടി രാഷ്ട്രീയമാക്കരുത് : സേതു
19/10/2016
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യവേദിയായ ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മ തലയോലപ്പറമ്പില്‍ നടത്തിയസാഹിത്യചര്‍ച്ചയില്‍ നോവലിസ്റ്റ് സേതു പ്രസംഗിക്കുന്നു.

തലയോലപ്പറമ്പ്: സാഹിത്യ നായകന്മാര്‍ക്ക് അവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. പക്ഷേ അത് പാര്‍ട്ടി രാഷ്ട്രീയമാകരുതെന്ന് നോവലിസ്റ്റ് സേതു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യവേദിയായ ബഷീര്‍ അമ്മമലയാളം സാഹിത്യ കൂട്ടായ്മയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ഭരണകൂടങ്ങള്‍ കൈകടത്തുന്ന ഫാസിസ്റ്റ് രീതിക്കെതിരെ സാഹിത്യകാരന്മാര്‍ പ്രതികരിക്കണം. പറയാനുള്ള കാര്യങ്ങള്‍ പറയേണ്ട ഇടങ്ങളില്‍ പറയാന്‍ സാഹിത്യകാരന്മാര്‍ മടിക്കരുതെന്നും അദ്ദേഹം സേതു പറഞ്ഞു. സേതുവിന്റെ തന്നെ നാല്‍പത് വയസ്സ് തികയുന്ന പാണ്ഡവപുരം എന്ന നോവലിലെക്കുറിച്ചാണ് കൂട്ടായ്മയില്‍ ചര്‍ച്ച നടന്നത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒമ്പതുരൂപ വിലയുള്ള ചുവന്ന പുറംചട്ടയുള്ള 170 പേജുകളുള്ള പാണ്ഡവപുരം ഇന്ന് എഴുത്തുകാരനപ്പുറം വളര്‍ന്ന കൃതിയാണ്. ഓരോ സൃഷ്ടിയും പകര്‍ന്നുതന്നത് ഓരോ തരത്തിലുള്ള അനുഭവങ്ങളായിരുന്നുവെങ്കില്‍ പാണ്ഡവപുരത്തിന്റെ ചിലഭാഗങ്ങള്‍ എഴുതിയപ്പോള്‍ താന്‍ ശരിക്കും ഒരുതരം ഉന്മാദാവസ്ഥയില്‍ ആയിരുന്നുവെന്നു സേതു അനുസ്മരിച്ചു.
തലയോലപ്പറമ്പ് അനുപമ ബില്‍ഡിംഗില്‍ പ്രത്യേകം തയ്യാറാക്കിയ മജീദ്-സുഹ്‌റ ക്ലാസ്സ് മുറിയില്‍ വച്ചു കൂടിയ ബഷീര്‍ അമ്മ മലയാളത്തിന്റെ മൂന്നാം വാര്‍ഷികം ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഡി.ബി. കോളേജ് മലയാളവിഭാഗം മേധാവി ഡോ. എസ് ലാലിമോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തിന്റെ അന്‍പതിലേക്ക് എത്തിയ സേതുവിനെ കിളിരൂര്‍ രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. വി.ടി ജലജാകുമാരി പ്രബന്ധം അവതരിപ്പിച്ചു.
ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ജോയിന്റ് സെക്രട്ടറി ഡോ. യു.ഷംല, മോഹന്‍ ഡി.ബാബു, സണ്ണി ചെറിയാന്‍, ഡോ. എച്ച്.എസ്.പി, ഡോ. എസ്.പ്രീതന്‍, ഡോ. എം.എസ് ബിജു, സുനി മംഗലത്ത്, ബേബി ടി.കുര്യന്‍. അബ്ദുല്‍ ആപ്പാഞ്ചിറ, ടി.കെ ഉത്തമന്‍, ഷാജഹാന്‍ കോഴിപ്പള്ളില്‍, കെ.എസ് ഉണ്ണിക്കൃഷ്ണന്‍, എം.കെ ഷിബു, സുധാംശു, പ്രൊഫ. എസ്.ലിഖിത പ്രൊഫ. എ.ജി രേഖ, ഡോ. യു. ഷംല, ടി.കെ സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു. കെ.ആര്‍. സുശീലന്‍, ഡോ. വി.മദനകുമാരന്‍, ഗിരിജന്‍ ആചാരി തോന്നല്ലൂര്‍, വൈക്കം ചിത്രഭാനു, സുനിത ഷാബു പൊതി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.