Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുള്ളിസന്ധ്യാവേല സമാപിച്ചു
17/10/2016

വൈക്കം : അഷ്ടമി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളില്‍ പ്രധാനമായ പുള്ളിസന്ധ്യാവേല സമാപിച്ചു. മറെറാരു പ്രധാന ചടങ്ങായ മുഖസന്ധ്യാവേല ആരംഭിച്ചു. തുടര്‍ച്ചയായി നാല് ദിവസമാണ് സന്ധ്യാവേല. ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിനു മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന വിശേഷാല്‍ വഴിപാടാണ് മുഖസന്ധ്യാവേല. ഏററുമാനൂര്‍, തെക്കുംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്‍മാര്‍ തുടര്‍ച്ചയായി നാലു ദിവസം കൊണ്ട് നടത്തുന്നതാണ് മുഖസന്ധ്യാവേലയെന്നാണ് ഐതീഹ്യം. തുലാമാസത്തിലെ രേവതിക്കു തുടങ്ങി കാര്‍ത്തികയ്ക്ക് അവസാനിക്കുന്ന ഈ സന്ധ്യാവേലയാണ് ആദ്യത്തേത്. മുഖസന്ധ്യാവേല ദിവസങ്ങളില്‍ ശതകലശാഭിഷേകവും നടക്കും. ആനപ്പുറത്തുള്ള ശ്രീബലി എഴുന്നള്ളത്തുകള്‍, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകങ്ങള്‍, പ്രാതല്‍, വിളക്ക്, അഖണ്ഡനാമജപം എന്നിവ സന്ധ്യാവേലയുടെ പ്രധാന ഇനങ്ങളാണ്. മുഖസന്ധ്യാവേലക്കുശേഷം വിവിധ സമൂഹങ്ങള്‍ നടത്തുന്ന സന്ധ്യാവേലകളും ഉണ്ട്. ഇതിനു മുന്നോടിയായി കോപ്പുതൂക്കല്‍ ചടങ്ങ് നടന്നു. വൈക്കത്തപ്പനും ഉപദേവതകള്‍ക്കും വിശേഷാല്‍ വഴിപാടുകള്‍ നടത്തിയതിനുശേഷം ദേവസ്വം ഭരണാധികാരി ക്ഷേത്രത്തിലെ അടിയന്തിരത്തിന് ആവശ്യത്തിന് സാധനങ്ങള്‍ അളന്നുതൂക്കി ക്ഷേത്രകാര്യക്കാരനു നല്‍കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍.