Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുങ്കം-ടോള്‍-ചാലുകടവ് റോഡ് വീണ്ടും വെട്ടിപ്പൊളിക്കുവാനുള്ള നടപടികളുമായി അധികാരികള്‍ മുന്നോട്ടു പോകുന്നതിനെതിരെ ജനരോക്ഷം കനക്കുന്നു.
15/10/2016

വൈക്കം: ആലപ്പുഴ ജില്ലയില്‍ കുടിവെള്ളമെത്തിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ ചുങ്കം-ടോള്‍-ചാലുകടവ് റോഡ് വീണ്ടും വെട്ടിപ്പൊളിക്കുവാനുള്ള നടപടികളുമായി അധികാരികള്‍ മുന്നോട്ടു പോകുന്നതിനെതിരെ ജനരോക്ഷം കനക്കുന്നു. ജനങ്ങളുടെ നിരന്തര പ്രതിഷേധം തള്ളിക്കൊണ്ട് വീണ്ടും റോഡ് കുഴിച്ചാല്‍ 2008 മുതല്‍ 2012 വരെ ഇന്നാട്ടിലെ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടും. ഇപ്പോള്‍ ജപ്പാന്‍കുടിവെള്ള പൈപ്പ് ലൈന്‍ ഇട്ടിരിക്കുന്ന റോഡിന്റെ എതിര്‍വശമാണ് കുഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പിലാക്കിയാല്‍ ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലേയ്ക്കുള്ള വൈക്കം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ തകരാറിലാകും. ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കുകയും സ്‌കൂളില്‍ പോകുന്ന കുട്ടികളെയും, രോഗികളെയും, യാത്രക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും. ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഈ സൈഡില്‍ നിന്നും മാറ്റുന്നത് നിരന്തരമായ വൈദ്യുതി തടസ്സത്തിന് കാരണമാകും. നിരവധിയായ ഒട്ടനവധി പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് റോഡ് വെട്ടിപ്പൊളിച്ച് പുതിയതായി എം എസ് പൈപ്പിടാനുള്ള നീക്കം ഉപേക്ഷിക്കുക, ഉന്നതതലങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതതയും മൂലമുണ്ടായ നഷ്ടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക, ചുങ്കം-ടോള്‍ റോഡ് ഒഴിവാക്കി പൈപ്പ് ഇടുവാന്‍ അനുയോജ്യമായ വടക്കുഭാഗത്തുള്ള മൂവാറ്റുപുഴയാറോ, തെക്കുവശമുള്ള പാടശേഖരമോ ഉപയോഗിക്കുക, മൂവാറ്റുപുഴയാറിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരാതെ മാത്രം ജലം പമ്പുചെയ്യുക എന്നീ അവശ്യങ്ങള്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അധികാരികളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ടാണ് എം എസ് പൈപ്പ് റോഡിന്റെ എതിര്‍ സൈഡില്‍ ഇടുന്നതിന് പദ്ധതി തയ്യാറാക്കാന്‍ ആലപ്പുഴയിലെ യൂ ഐ ഡി എസ് എസ് എം റ്റിയെ ഏല്‍പ്പിക്കുകയും അവരുടെ പ്രൊപ്പോസല്‍ ഗവണ്‍മെന്റ് അംഗീകരിച്ച് പദ്ധതിക്ക് പണം അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുകയാണ്. ഒട്ടനവധി ഗുരുതമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുക്കാതെ പൈപ്പ് ലൈന്‍ റോഡിന്റെ എതിര്‍ സൈഡില്‍ ഇടാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് മറവന്‍തുരുത്ത് എസ് എന്‍ ഡി പി ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. വി ടി പ്രതാപന്‍ സ്വാഗതം ആശംസിക്കും. കെ എസ് നാരായണന്‍നായര്‍ സമരപ്രഖ്യാപന രേഖ അവതരണം നടത്തും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, കെ ആര്‍ ചിത്രലേഖ, സാബു പി മണലൊടി, ലൈല ജമാല്‍, കെ സെല്‍വരാജ്, കെ ഡി വിശ്വാനാഥന്‍, പി വി പ്രസാദ്, പി സുഗതന്‍, കലാ മങ്ങാട്, കെ ബി രമ, ലീന ഡി നായര്‍, എസ് അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ബാബു പൂവനേഴത്ത് കൃതജ്ഞത പറയും. പത്രസമ്മേളനത്തില്‍ വി ഭാസ്‌ക്കരന്‍, ടി കെ രാജേന്ദ്രന്‍, പി സി തങ്കരാജ്, ബി രാജേന്ദ്രന്‍, കെ എസ് ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു.