Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വെള്ളയാമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
15/10/2016
വെച്ചുര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ചത്തുപൊങ്ങിയിരിക്കുന്ന വെള്ളയാമ

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വെള്ളയാമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഏകദേശം നൂററിയമ്പതിലധികം വെള്ളയാമകള്‍ ചത്തതായാണ് അനൗദ്യോഗിക കണക്ക്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ഇടയാഴം കരി, വലിയ കൊട്ടിക്കരി പാടശേഖരങ്ങളിലാണ് ആമകള്‍ ചത്തുപൊങ്ങുന്നത്. ആമകള്‍ക്ക് ബാധിച്ച രോഗബാധയാണോ വെള്ളം മലിനപ്പെട്ടതാണോ ഇതിനുകാരണമെന്ന് സ്ഥിതീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചത്തുപൊങ്ങുന്ന ആമകളെ തെരുവുനായ്ക്കള്‍ പെറുക്കികൊണ്ടു പോകുന്നു. ആമകള്‍ ചീഞ്ഞുനാറുന്നത് പരിസരമാകെ ദുര്‍ഗന്ധം പരത്തുന്നതിനും ഇടയാക്കുന്നു. വെച്ചൂര്‍, തലയാഴം, കുമരകം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ആമകള്‍ ഏറെയാണ്. എന്നാല്‍ വെള്ളയാമകള്‍ വിരളമാണ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളയാമകള്‍ ചത്തൊടുങ്ങുന്നത് അന്വേഷിക്കുവാന്‍ ഇനിയും അധികാരികള്‍ തയ്യാറായിട്ടില്ല. മുന്‍കാലങ്ങളില്‍ ആമകളെ പിടിച്ചുകൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഇതിനെതിരെ മൃഗസംരക്ഷണ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിയതോടെ പാടശേഖരങ്ങളില്‍ ആമകള്‍ നിറഞ്ഞുതുടങ്ങി. പാടശേഖരങ്ങളില്‍ ആമകളുടെ സാന്നിദ്ധ്യം നെല്‍കൃഷിക്ക് വളരെ ഗുണപ്പെടുന്നതാണെന്ന് കര്‍ഷകര്‍ അടിവരയിടുന്നു. ആമയുടെ വിസര്‍ജ്ജ്യം നെല്ലിന്റെ വളര്‍ച്ചയ്ക്ക് വലിയ ഘടകമാണ്. ആമകള്‍ക്കു ബാധിച്ചിരിക്കുന്ന രോഗബാധ ആരെ അറിയിക്കണമെന്നറിയാതെ കുഴയുകയാണ് പരിസരവാസികള്‍.