Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിലനില്‍പു സമരം 285 ദിവസം പിന്നിടുന്നു
15/10/2016
പട്ടികവര്‍ഗ കുടുംബങ്ങള്‍ വൈക്കം താലൂക്ക് ഓഫീസിനുമുന്നില്‍ നടത്തിവരുന്ന നിലനില്‍പു സമരം.

വൈക്കം: താലൂക്ക് ഓഫീസിനുമുന്നില്‍ പതിമൂന്നിലധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ നടത്തുന്ന നിലനില്‍പുസമരം 285 ദിവസം പിന്നിടുമ്പോഴും പരിഹാരമാര്‍ഗങ്ങള്‍ ഇപ്പോഴും വിദൂരതയില്‍. യു.ഡി.എഫ് ഭരണകാലത്താണ് ഇവര്‍ സമരം ആരംഭിക്കുന്നത്. ഇക്കാലയളവില്‍ പ്രശ്‌നം പരിഹരിക്കാന്‍ സി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും യു.ഡി.എഫ് ഭരണം മാറി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും ഒന്നും നടക്കാത്ത അവസ്ഥയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ബി.ജെ.പിയുടെ ഒട്ടനവധി പ്രമുഖ നേതാക്കളുമെല്ലാം സമരപന്തലിലെത്തി ഇവരുടെ കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് അറിയിപ്പുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തതയില്ലെന്ന് സമരസമിതി ചെയര്‍മാന്‍ അററുചാലില്‍ കുഞ്ഞിക്കുട്ടനും കണ്‍വീനര്‍ പി.കെ വേണുവും പറയുന്നു. സി.പി.എമ്മും കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടാത്തതിനോട് ഇവര്‍ക്ക് ചെറിയ പരിഭവവുമുണ്ട്. ഉള്ളാടന്‍, കാട്ടുനായിക്കന്‍, മലവേടന്‍ വിഭാഗങ്ങളില്‍പെട്ട 13 കുടുംബങ്ങളാണ് ഇവിടെ സമരം നടത്തിപ്പോരുന്നത്. ഒരുതുണ്ട് ഭൂമിപോലും ഇവര്‍ക്കില്ല. താലൂക്ക് ഓഫീസിനുമുന്നില്‍ താല്‍ക്കാലിക കുടില്‍ കെട്ടിയാണ് ഇവര്‍ സമരം നടത്തിപ്പോരുന്നത്. മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കുക, എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ നല്‍കുക, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാററുക, ഭൂമി കിട്ടാതിരിക്കാന്‍ കാലതാമസം വരുത്തിയ മുന്‍ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. നൂറിലധികം വരുന്ന ഇവരുടെ കുടുംബാംഗങ്ങള്‍ ഓരോ ദിവസവും സമരപന്തലില്‍ അന്തിയുറങ്ങിയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുന്നത്. സമരത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ ഈ കുടുംബങ്ങളുടെ അവസ്ഥ തീര്‍ത്തും ദയനീയമാകും. പട്ടിക വര്‍ഗ കുടുംബങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാരിക്കോരി ഫണ്ടുകള്‍ അനുവദിക്കുമ്പോഴാണ് ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്. വൈക്കത്തിന്റെ ഉത്സവമായ അഷ്ടമി വിളിപ്പാടകലെ എത്തി നില്‍ക്കുകയാണ്. ഇതിനുമുന്‍പ് ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ എം.പിയും എം.എല്‍.എയുമെല്ലാം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. സി.കെ ആശ എം.എല്‍.എ ഇവരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമുന്നില്‍ ബോധിപ്പിച്ചതായാണ് അറിയുന്നത്.