Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴ പുറപ്പാട് നവംബര്‍ ഒന്‍പതിന് നടക്കും
14/10/2016

വൈക്കം : ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടത്തിവരാറുള്ള കുലവാഴ പുറപ്പാട് നവംബര്‍ ഒന്‍പതിന് നടക്കും. എന്‍.എസ്.എസ് ടൗണ്‍ മേഖലാ കരയോഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് കുലവാഴപ്പുഴ പുറപ്പാട് നടത്തുന്നത്. 1634-ാം നമ്പര്‍ പടിഞ്ഞാററുംചേരി വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ എന്‍.എസ്.എസ് കരയോഗമാണ് ഇക്കുറി ആതിഥേയത്വം വഹിക്കുന്നത്. 1573-ാം നമ്പര്‍ കിഴക്കുംചേരി നടുവിലെമുറി 1603-ാം നമ്പര്‍ കിഴക്കുംചേരി തെക്കേമുറി, 1634-ാം നമ്പര്‍ പടിഞ്ഞാററുംചേരി പടിഞ്ഞാറെമുറി, 1820-ാം നമ്പര്‍ പടിഞ്ഞാററുംചേരി തെക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി, 1880-ാം നമ്പര്‍ പടിഞ്ഞാററുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്. അഷ്ടമി മഹോത്സവത്തിന്റെ കൊടിയേററിനു തലേദിവസം നടക്കുന്ന ചടങ്ങാണിത്. കൊടിയേററിന്റെ ഭാഗമായി ബലിക്കല്‍പുര, കൊടിമരത്തിന്റെ ഭാഗങ്ങള്‍, നാലു ഗോപുരങ്ങള്‍, ക്ഷേത്രത്തിന്റെ നാലുവശങ്ങള്‍ തുടങ്ങി എല്ലാഭാഗങ്ങളിലും അലങ്കരിക്കാനുള്ള കരിക്കിന്‍കുലകള്‍, വാഴക്കുലകള്‍, കട്ടിമാലകള്‍ എന്നിവ അലങ്കൃതമായ വാഹനത്തില്‍ ആര്‍ഭാടപൂര്‍വം കൊണ്ടുവരുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. പൂത്താലമേന്തിയ വനിതകളും കുട്ടികളും കുലവാഴ പുറപ്പാടിനെ എതിരേല്‍ക്കും. നീണ്ടൂര്‍ മന ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍നിന്നും ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെട്ട് മടിയത്തറ, കൊച്ചുകവല, കച്ചേരിക്കവല, പടിഞ്ഞാറെനട വഴി വടക്കേനടയിലെത്തി ദീപാരാധനക്കുശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചശേഷം കുലവാഴകളും കരിക്കിന്‍കുലകളും താലവും കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കും. അഷ്ടമി ഉത്സവത്തിന്റെ കേളികൊട്ടായ ഈ ചടങ്ങിന്റെ ഭാഗമായി സമര്‍പ്പിക്കുന്ന കുലവാഴകളും കരിക്കിന്‍ കുലകളും ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും കെട്ടുകയും പുഷ്പാലങ്കാരം നടത്തുകയും ചെയ്യും. പഞ്ചവാദ്യം, പാഞ്ചാരിമേളം, കൊട്ടക്കാവടി എന്നിവ ചടങ്ങിന് അകമ്പടിയേകും. ചടങ്ങിന്റെ നടത്തിപ്പിനായി ആര്‍.കെ നായരെ പ്രസിഡന്റായും എസ്.യു കൃഷ്ണകുമാറിനെ സെക്രട്ടറിയായും, എം.ബാലചന്ദ്രനെ ട്രഷററായും സംയുക്ത പൊതുയോഗം തെരഞ്ഞെടുത്തു.