Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുല്ലാന്തിയാറിന് രക്ഷയൊരുങ്ങുന്നു.
14/10/2016
ചെമ്പ് പഞ്ചായത്തിലെ പുലാന്തിയാറിലും കോണത്താറിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മൂവാററുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: അനധികൃത മണല്‍ ഖനനവും തീരം കയ്യേററവും മൂലം നാശത്തിന്റെ വക്കിലായ ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാറിന് രക്ഷയൊരുങ്ങുന്നു. മത്സ്യത്തൊഴിലാളികളാണ് പുഴയുടെ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ അഞ്ച് കീലോമീററര്‍ നീളത്തിലാണ് ഒഴുകുന്ന പുല്ലാന്തിയാര്‍ ഒരുകാലത്ത് ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയുടെയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെയും കാര്‍ഷിക സ്രോതസ്സായിരുന്നു. മൂവാററുപുഴയാററില്‍ നിന്നുള്ള നീരൊഴുക്കായിരുന്നു പുഴയുടെ ജീവനാഡി. എന്നാല്‍ ചെമ്പ് പഞ്ചായത്തിനെയും വെള്ളൂര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കൊല്ലേലി മുതല്‍ പുഴവേലി വരെയുള്ള കൊല്ലേലി തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും പല്ലാന്തിയാറിലേക്ക് വെള്ളമെത്താതിരിക്കുകയും ചെയ്തത് മണല്‍ ഖനനത്തിനും തീരം കയ്യേററത്തിനുമൊപ്പം പുഴയുടെ നശീകരണത്തിന് ആക്കംകൂട്ടി. പോളയും പായലും തിങ്ങിനിറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കുന്നതിനോ കര്‍ഷകര്‍ക്കും ഇതര തൊഴിലാളികള്‍ക്കും മററ് പണികള്‍ക്കോ പുഴയിലൂടെ വേമ്പനാട്ട് കായലിലേക്ക് വള്ളങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാതായി. ഇതുമൂലം പുഴയേയും കായലിനെയും ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളും പ്രതിസന്ധിയിലകപ്പെട്ടു. പോളയും പായലും നിറഞ്ഞ ബ്രഹ്മമംഗലം ചെമ്പകശേരി കടവ് മുതല്‍ മുറിഞ്ഞപുഴ വരെയുള്ള ഭാഗവും പനച്ചാംതറ ഭാഗവുമാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്. മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പുലാന്തിയാറിലും കോണത്താറിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മൂവാററുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ.എം കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. യൂണിയന്‍ മേഖലാ പ്രസിഡന്റ് എ.കെ സദാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി ഷീബ, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യമോള്‍ സുനില്‍, ടി.സി ഷണ്‍മുഖന്‍, ടി.ആര്‍ സുഗുതന്‍, ഇ.പി വേണുഗോപാല്‍, സീന ബിജു, ലതാ ബൈജു, എം.ടി ഷാജി, വി.എസ് ദിലീപ്, കെ.വി പ്രകാശന്‍, സാബു വിരിപ്പാക്കല്‍, ഗോപി പനച്ചാതറ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളിലും തുടരും.