Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രമുററങ്ങള്‍ സാക്ഷിയായി.
12/10/2016
വൈക്കം ക്ഷേത്രകലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍

വൈക്കം : അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രമുററങ്ങള്‍ സാക്ഷിയായി. ആയിരക്കണക്കിന് കുരുന്നുകളാണ് വിവിധ ക്ഷേത്രങ്ങളില്‍ മഹദ്‌വ്യക്തികളുടെ കൈപിടിച്ചു ആദ്യാക്ഷരം കുറിച്ചത്. കുട്ടികളുടെ കളിചിരിയും കരച്ചിലും കൊണ്ട് ആദ്യാക്ഷരം കുറിച്ച ചടങ്ങുകള്‍ മുഖരിതമായി. ഇവരെ ആശ്വസിപ്പിക്കാന്‍ മാതാപിതാക്കള്‍ നന്നേ പാടുപെട്ടു.

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വിജയദശമി നാളില്‍ രാവിലെ 7.30ന് വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, വൈക്കം രാമചന്ദ്രന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി.

വടയാര്‍ സമൂഹമഠത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് റിട്ട. ഡി.ഇ.ഒ നാരായണയ്യര്‍, ഗണപതി രാമയ്യര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സമൂഹം പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി പി.പത്മനാഭയ്യര്‍, വൈസ് പ്രസിഡന്റ് ഡോ. എം.പി ശര്‍മ, ജോയിന്റ് സെക്രട്ടറി കൃഷ്ണയ്യര്‍, ട്രഷറര്‍ മററക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ പൂജയെടുപ്പിനെ തുടര്‍ന്നു നടന്ന വിദ്യാരംഭ ചടങ്ങില്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, ഡോ. ലിപി മധുസൂധനന്‍, ഡോ. ലാലി പ്രതാപ് എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

വൈക്കം തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളി ക്ഷേത്രം, അയ്യര്‍കുളങ്ങര ദേവീക്ഷേത്രം, ടി.വി പുരം സരസ്വതി ദേവീക്ഷേത്രം, ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രം, ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രം, ഉല്ലല പുതിയകാവ് ദേവീക്ഷേത്രം, പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രം, കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ-ശ്രീആഞ്ജനേയ ക്ഷേത്രം, കൊടൂപ്പാടം ശ്രീശാരദാലക്ഷ്മി ക്ഷേത്രം, ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രം, എഴുമാന്തുരുത്ത് ശ്രീ കുന്നുമ്മേല്‍ക്കാവ് ക്ഷേത്രം തുടങ്ങി നിരവധിയിടങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.