Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
07/10/2016

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സ്ഥാപിച്ചിട്ടുള്ള ദളവാക്കുളം ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നഗരസഭ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് വൈക്കം താലൂക്ക് റസിഡന്റ് വെല്‍ഫയര്‍ അസ്സോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 1999-ല്‍ വൈക്കം നഗരസഭയ്ക്ക് അനുവദിച്ചു കിട്ടിയ ഉപാധിരഹിതഫണ്ട് ഉപയോഗിച്ച് കിഴക്കേനടയില്‍ സ്ഥലം വിലയ്ക്ക് വാങ്ങി എല്‍ ഡി എഫ് കൗണ്‍സിലാണ് ബസ്സ് ടെര്‍മിനല്‍ സ്ഥാപിച്ചത്. ഇതിനായി രണ്ട് കോടിയോളം രൂപാ നഗരസഭ മുടക്കിയിട്ടുള്ളതുമാണ്.കെട്ടിടങ്ങള്‍, വെയിററിംഗ് ഷെഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും നിലവില്‍ വാഹനങ്ങള്‍ തിരിഞ്ഞു നോക്കാതെ അനാഥാവസ്ഥയിലാണ്. നിലവിലുള്ള സ്റ്റാന്റിലെ വാഹനങ്ങളുടെ പെരുപ്പവും വികസനത്തിന് മതിയായ സ്ഥലം ലഭിക്കാത്തതും പ്രധാന റോഡിന് ഇരുവശവും കച്ചവടക്കാര്‍ കയ്യേറിയതുമൂലമുള്ള സ്ഥലപരിമിതിയുമാണ് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്റ് നഗരസഭയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വികസനം എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കേനടയില്‍ പുതിയ ബസ്സ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് നഗസരസഭ മുന്‍കൈ എടുത്തത്. സര്‍വ്വീസ് അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് തിരികെ ദളവാക്കുളത്തേക്ക് എത്തിച്ചേരുന്നതിന് കൂടുതല്‍ ദൂരം ഓടേണ്ടിവരുന്നത് ഒഴിവാക്കുന്നതിന് വലിയകവല കിഴക്കുഭാഗത്ത് പെരിഞ്ചില്ല കലുങ്കിന് സമീപത്തു നിന്നും തെക്കോട്ട് ഉണ്ടായിരുന്ന ലിങ്ക് റോഡ് ആധുനിക നിലവാരത്തില്‍ പുതുക്കി പണിതിട്ടുള്ളതാണ്. വാഹനങ്ങള്‍ പൂര്‍ണ്ണമായും ദളവാക്കുളം ബസ്സ് ടെര്‍മിനല്‍ ബഹിഷ്‌ക്കരിച്ചതിനെ തുടര്‍ന്ന് ഇന്ന് സ്വകാര്യ വാഹനങ്ങളും ടൂറിസ്റ്റ് ബസ്സുകളും, ക്ഷേത്രദര്‍ശനത്തിന് വരുന്നവരുടെ വാഹനങ്ങളും കയ്യടക്കിയിരിക്കുകയാണ്. മാറിമാറി വന്ന നഗരസഭ കൗണ്‍സില്‍ ദളവാക്കുളം ബസ്സ് ടെര്‍മിനല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ആര്‍ജ്ജവം കാണിക്കാത്തത് ഈ പ്രദേശത്തോടുള്ള അവഗണനയായി മാത്രമേ കാണുവാന്‍ കഴിയൂ. ദളവാക്കുളം ബസ്സ് ടെര്‍മിനല്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ടൗണില്‍ നിലവിലുണ്ടായിരുന്ന ഗതാഗത സംവിധാനം പരിഷ്‌ക്കരിച്ചിട്ടുള്ളതാണ്. ഇതു പ്രകാരം വാഹനങ്ങള്‍ ദളവാക്കുളത്തു നിന്നും സര്‍വ്വീസ് ആരംഭിക്കണം എന്നതാണ് തീരുമാനം. ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കേണ്ട പോലീസ്, ആര്‍ ടി ഒ വകുപ്പുകളുടെ അനാസ്ഥയും അവഗണനയുമാണ് ദളവാക്കുളം ബസ്സ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കാത്തതിന്റെ പ്രധാന കാരണമായി ഇവര്‍ പറയുന്നത്. കോടിക്കണക്കിന് രൂപാ മുടക്കി നഗരസഭ സ്ഥാപിച്ചിട്ടുള്ള ദളവാക്കുളം ബസ്സ് ടെര്‍മിനലില്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് നഗരസഭയുടെ ഭൂരിഭാഗം വാര്‍ഡുകളും ഉള്‍പ്പെടുന്ന കിഴക്കേനടയുടെ വികസനത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. ബസ്സ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വകാര്യ ബസ്സുകളുടെ ആദ്യ ട്രിപ്പ് മുതല്‍ ദളവാക്കുളത്തുനിന്നും ആരംഭിക്കുക. പഴയ ബസ്സ് സ്റ്റാന്റില്‍ വാഹനങ്ങള്‍ക്ക് 2 മിനിററ് മാത്രം സമയം അനുവദിക്കുകയും പാസ്സിംഗ് സ്റ്റാന്റായി മാററുകയും ബസ്സ് ബേ നിര്‍മ്മിക്കുകയും ചെയ്യുക. പോലീസ് ഔട്ട് പോസ്റ്റ് ദളവാക്കുളത്ത് സ്ഥാപിക്കുകയും പഞ്ചിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യുക. ദളവാക്കുളം ബസ്സ് ടെര്‍മിനലിനകത്ത് അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കച്ചവട സ്ഥാപനങ്ങളുടെ മുന്‍വശത്ത് സാധന സാമഗ്രികള്‍ കൂട്ടിയിടുന്നതും ഒഴിവാക്കുക. സ്റ്റാന്റില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിന് ഹൈമാസ്റ്റ് ലൈററുകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ട്രാക്ക് മുന്നോട്ടു വച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.അബു, ട്രഷറര്‍ രഘുനന്ദനന്‍ എന്നിവര്‍ പങ്കെടുത്തു.