Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫയര്‍ സ്റ്റേഷന്റെ പരിതാപകരമായ സ്ഥിതിക്ക് മാററമില്ല.
06/10/2016

വൈക്കം: പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തോടടുത്തിട്ടും വൈക്കം ഫയര്‍ സ്റ്റേഷന്റെ പരിതാപകരമായ സ്ഥിതിക്ക് മാററമില്ല. ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ആറാട്ടുകുളങ്ങരയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേററിലെ അര ഏക്കര്‍ സ്ഥലം ഫയര്‍ സ്റ്റേഷന്റെ ഉടമസ്ഥതയിലാക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ നഗരസഭ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഫയര്‍ സ്റ്റേഷന്‍ വെള്ളക്കെട്ടില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ്. താഴ്ന്ന പ്രദേശമായതിനാല്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മിച്ച സ്ഥലം മഴപെയ്താല്‍ ചെളിക്കുണ്ടാകും. 46 ജീവനക്കാര്‍ ആവശ്യമായ ഫയര്‍ സ്റ്റേഷനില്‍ ഇപ്പോള്‍ 30 ജീവനക്കാര്‍ മാത്രമാണുള്ളത്. ഇടുങ്ങിയ നാലുമുറി കെട്ടിടത്തില്‍ 30 പേര്‍ക്ക് വിശ്രമിക്കാനോ ഇരിക്കാനോ പോലുമുള്ള സൗകര്യമില്ല. മൂന്ന് കക്കൂസും ഒരു കുളിമുറിയും ഉണ്ടെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമായതിനാല്‍ ഇവ ഉപയോഗപ്രദമല്ല. കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി പരിസരം മലിനമായതോടെ സമീപത്തുള്ള വീട്ടുകാര്‍ക്ക് ജീവിതം ഏറെ അസഹനീയമായിരിക്കുകയാണ്. നഗരസഭ ബന്ധപ്പെട്ട രേഖകള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറിയാല്‍ മാത്രമേ മറ്റ് ഫയര്‍ സ്റ്റേഷനുകളിലേതുപോലുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കാന്‍ കഴിയൂ. ഒരു ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളുള്ള ഫയര്‍ സ്റ്റേഷനിലെ രണ്ട് വാഹനങ്ങളും 12 വര്‍ഷത്തോളം പഴക്കമുള്ളവയാണ്. ഇവയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. ഫയര്‍ സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ വഴിയും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മാസങ്ങള്‍ക്കുമുന്‍പ് ഫയര്‍ ഫോഴ്‌സിന്റെ വാഹനം പാടത്തേക്കുമറിഞ്ഞിരുന്നു. ജനങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമെന്ന നിലയില്‍ കഴിഞ്ഞ നവംബറിലാണ് വൈക്കത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചത്. 11 പഞ്ചായത്തുകളിലെയും നഗരസഭയിലെയും രക്ഷാപ്രവര്‍ത്തനങ്ങളാണ് വൈക്കം ഫയര്‍ സ്റ്റേഷന്റെ പരിധിയിലുള്ളത്. വൈക്കത്തെ ഫയര്‍ സ്റ്റേഷന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.