Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രിയെ വരവേല്‍ക്കാന്‍ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മക്കൊലു ഒരുങ്ങി
05/10/2016
വൈക്കത്തെ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിലൊന്നില്‍ ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു

വൈക്കം : ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ത്തിരുന്ന അഗ്രഹാരങ്ങളിലെ സ്മരണകളുയര്‍ത്തി നവരാത്രിയെ വരവേല്‍ക്കാന്‍ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മക്കൊലു ഒരുങ്ങി. ഒന്‍പത് തട്ടുകളിലായാണ് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. പൂജാമുറിയില്‍ പ്രത്യേകപീഠം ഒരുക്കി നിലവിളക്കുകള്‍ക്കു ചുററും മനോഹരമായി അലങ്കരിച്ച കൊച്ചുബൊമ്മകള്‍ വീടുകളില്‍ കാണാം. ഗണപതി, കൃഷ്ണന്‍, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളുടെ വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളുമാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. പഞ്ചഭൂതങ്ങള്‍ ചേര്‍ത്താണ് ബൊമ്മക്കൊലു രൂപപ്പെടുത്തുന്നത്. മണ്ണ് ജലത്തില്‍ കുഴച്ച് അഗ്നിയില്‍ വേവിച്ച് വായുവില്‍ ഉണക്കിയെടുക്കുമ്പോള്‍ പഞ്ചഭൂത സങ്കല്‍പമാകും. പൂജാമുറിയില്‍ പത്ത് ദിവസവും നിവേദ്യം നടത്തും. എല്ലാ ദിവസവും മൂന്ന് നേരം പൂജകള്‍ ചെയ്യും. വിദ്യയുടെ അധിഷ്ഠാനദേവത എന്ന സങ്കല്‍പത്തിലാണ് സരസ്വതി പൂജ. ദുര്‍ഗ, ദേവി, സരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലായാണ് ദേവിയെ നവരാത്രി ദിനങ്ങളില്‍ വണങ്ങുന്നത്. ഓരോദിവസവും ദേവിയെ കുമാരി, രാജരാജേശ്വരി, കല്യാണി, മഹാലക്ഷ്മി, ഇന്ദ്രാണി, ചണ്ഡീക, ശാഠഭവി, ദുര്‍ഗ, സുഭദ്ര, സരസ്വതി എന്നിങ്ങനെ സങ്കല്‍പിച്ചാണ് വീട്ടുകാര്‍ വണങ്ങുന്നത്. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുള്ള നവരാത്രി ദിനങ്ങളില്‍ സുമംഗലികള്‍ക്ക് താംബൂലം നല്‍കുന്നതും കന്യകകള്‍ക്ക് വസ്ത്രവും മധുരപലഹാരങ്ങളും നല്‍കുന്നതും പുണ്യമായി കരുതുന്നു. ആഘോഷത്തിന്റെ ഭാഗമായി സംഗീതാരാധനയും നടത്തിവരുന്നു.