Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്യജില്ലകളില്‍ നിന്നും നെല്ലുകൊണ്ടുവന്ന ലോറികള്‍ തടഞ്ഞു
03/10/2016

വൈക്കം: അന്യജില്ലകളില്‍ നിന്നും നെല്ലുകൊണ്ടുവന്നാല്‍ ലോറി തടയും എന്ന കിസാന്‍സഭയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് പാലക്കാട്ടു നിന്നും കൊണ്ടുവന്ന രണ്ടു വണ്ടി നെല്ലുലോറികള്‍ കിസാന്‍സഭ മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ തടയുകയും കിസാന്‍സഭയുടെ കൊടികുത്തുകയും ചെയ്തു. ഓയില്‍പാം അധികൃതര്‍ പോലീസിനെ ഇടപെടുത്തി നെല്ലിറക്കാന്‍ നടത്തിയ ശ്രമം പാഴായി. ഒടുവില്‍ ഓയില്‍പാം അധികൃതര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. ഓയില്‍ പാം എം ഡിയുടെ നേതൃത്വത്തില്‍ മില്ല് അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ 600 ടണ്‍ നെല്ലുകൂടി പാലക്കാട്ടു നിന്നും സംഭരിക്കുമെന്ന് എം ഡി പറഞ്ഞു. എങ്കില്‍ കൊടികുത്തിയ ലോറിയില്‍ നിന്നും നെല്ല് ഇറക്കാന്‍ അനുവദിക്കില്ല എന്ന് കിസാന്‍സഭയില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചു. ഒടുവില്‍ പാലക്കാടുനിന്നുള്ള നെല്ലുസംഭരണം അവസാനിപ്പിച്ച് വൈക്കം താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും നെല്ലു സംഭരിക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കുകയും, നെല്ലുസംഭരിക്കുന്നതിന് കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന ഉറപ്പിന്‍മേലും സമരം അവസാനിപ്പിച്ചു. സമരത്തിന് കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രബാബു, അനില്‍ ചള്ളാങ്കല്‍, സി പി ഐ വെച്ചൂര്‍ ലോക്കല്‍ കമ്മററി സെക്രട്ടറി പി എം സുന്ദരന്‍, കെ ബിനോഭായ്, സി വി ശശിധരന്‍, പി ജി ബേബി, അജിതകുമാര്‍, മനോജ് ചീപ്പുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാനേജുമെന്റുമായിട്ടു നടന്ന ചര്‍ച്ചയില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ എന്‍ ദാസപ്പന്‍, തപസ്യ പുരുഷോത്തമന്‍, കെ സി ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.