Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജനദിനാചരണം
03/10/2016

വൈക്കം: ശനിയാഴ്ച ടി.വി പുരം പഞ്ചായത്ത് സാക്ഷ്യം വഹിച്ചത് ഒരു ചരിത്രനിമിഷത്തിനാണ്. ഒരുപിടി കഥകളുറങ്ങുന്ന പഞ്ചായത്തിന്റെ ചരിത്രത്തിലേക്ക് മറെറാരു വാക്യം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. 103ലും നിറഞ്ഞുനില്‍ക്കുന്ന മാണിക്യമാണ് പഞ്ചായത്തിനെ ഇപ്പോഴും ആനന്ദിപ്പിക്കുന്നത്. വയോജനദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 65-ാം നമ്പര്‍ അംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനത്തുകര ഗ്രാമത്തിലെ കാട്ടിത്തറ മാണിക്യംമാണിയെ ആദരിച്ചു. നൂറു വയസ്സുവരെ തഴപ്പായില്‍ സജീവമായിരുന്ന മാണി ഇപ്പോള്‍ മൂന്ന് വര്‍ഷമായി വിശ്രമത്തിലാണ്. തഴപ്പായ നെയ്ത്തില്‍ സജീവമായിരുന്ന നൂറാം വയസ്സുവരെ ഒരു ദിവസം രണ്ട് പായ് വരെ നെയ്യുമായിരുന്നു. 80-ാം വയസ്സില്‍ ഭര്‍ത്താവ് നാരായണന്‍ മരണമടഞ്ഞപ്പോള്‍ കുടുംബത്തെ നെയ്ത്തിലൂടെയാണ് പിടിച്ചുനിര്‍ത്തിയത്. മകന്‍ മോഹനന്‍ കെ.എസ്.ആര്‍.ടി.സി മെക്കാനിക്കായി ജോലി നോക്കുമ്പോഴും തന്റെ പ്രിയ തൊഴിലിനെ എന്നും മാണി കൈവിടാതെ സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നര കിലോമീറററോളം സഞ്ചരിച്ച് തോട്ടുവക്കം ശ്രീമൂലം മാര്‍ക്കററിലാണ് പായ വിററിരുന്നത്. ഇതിനുശേഷം ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി തലച്ചുമടായാണ് വീട്ടില്‍ മടങ്ങിയെത്തിയിരുന്നത്. ഈ കഷ്ടപ്പാടാണ് 103ലും മാണിയുടെ ചുറുചുറുക്കിന്റെ രഹസ്യം. അംഗന്‍വാടി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എസ്.ബിജു വയോജനസംഗമം ഉദ്ഘാടനം ചെയ്തു മാണിക്യംമാണിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എ.ഡി.എസ് അംഗം രാജമ്മ അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ വി.വി കനകാംബരന്‍ വയോജനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജെ.എച്ച്.ഐ മായാ അനീഷ് ക്ലാസ് എടുത്തു. ലിസമ്മ സെബാസ്റ്റ്യന്‍, റോസമ്മ എന്നിവര്‍ പ്രസംഗിച്ചു.